കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്. 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് മുൻപിൽ ഉപവാസമിരിക്കും. തനിക്ക് അർഹമായ നീതി ലഭിച്ചില്ലെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും ഹർഷിന പറഞ്ഞു.
നേരത്തെ മെഡിക്കൽ കോളജിന് മുന്നിൽ ഹർഷിന സമരം നടത്തിയപ്പോൾ മന്ത്രി വീണാ ജോർജ് നേരിട്ടെത്തിയാണ് ഹർഷിനയുമായി സംസാരിച്ച് സമരം അവസാനിപ്പിച്ചത്.
പൂർണ പിന്തുണയും ഹർഷിനയ്ക്ക് വാഗ്ദാനം നല്‍കിയിരുന്നു.പിന്നാലെ സർക്കാർ ഹർഷിനയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.
എന്നാൽ രണ്ട് ലക്ഷം താൻ അഞ്ച് വർഷം അനുഭവിച്ച വേദനയ്ക്ക് പരിഹാരമാവില്ലെന്നും തനിക്ക് അർഹമായ നീതി ലഭിക്കണമെന്നുമാണ് ആവശ്യം.
ഹര്‍ഷിനയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. നാളിതുവരെയായിട്ടും സംഭവത്തില്‍ കുറ്റക്കാര്‍ ആരെന്ന കാര്യം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം.