കോഴിക്കോട്: വയറ്റില്‍ കത്രികയുമായി അഞ്ചുവര്‍ഷം ദുരിതമനുഭവിച്ച ഹര്‍ഷിന മെഡിക്കല്‍ കോളജ് ആശുപത്രിക്കുമുന്നില്‍ നടത്തുന്ന സമരം 36 ദിവസം പിന്നിടുന്നു.
അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, കത്രികയുടെ ഉറവിടം കണ്ടെത്തുക, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുക, കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഹര്‍ഷിനയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
രാവിലെ പത്തിന് മാവൂര്‍ റോഡ് ജംഗ്ഷനില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. മാര്‍ച്ച് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ പ്രസംഗിക്കും. നീതി കിട്ടുംവരെ എന്തു സഹനം സഹിച്ചും സമര രംഗത്ത് ഉറച്ചുനില്ക്കുമെന്നു ഹർഷിന പറഞ്ഞു.
ബലിപ്പെരുന്നാള്‍ ദിനത്തില്‍ സമരപ്പന്തലില്‍ കഞ്ഞിവച്ച് പ്രതിഷേധിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം സംബന്ധിച്ച് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും നീളുകയാണ്.
മെഡിക്കല്‍ കോളജ് അസി. കമ്മിഷണര്‍ കെ.സുദര്‍ശനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. 2017ലാണ് ഹര്‍ഷിന ശസ്ത്രക്രിയക്ക് വിധേയയായത്.