സ്വന്തം ലേഖകൻ
തൃശൂർ: ഇന്ന് അർധരാത്രി ആരംഭിക്കുന്ന ദേശീയ പണിമുടക്ക് സ്ഥാനാർഥികൾക്കു ബാധകമല്ല. രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്ഥാനാർഥികളും പതിവുപോലെ വീടു കയറിയിറങ്ങി വോട്ടഭ്യർഥിക്കും.
വീട്ടുകാരെല്ലാം വീട്ടിൽ ഉണ്ടാകുമെന്നതിനാൽ സ്ഥാനാർഥികൾ കൂടുതൽ സമയം ഭവന സന്ദർശനത്തിനായി വിനിയോഗിക്കും.
പണിമുടക്കിന്റെ ഭാഗമായി സർക്കാർ ഓഫീസുകളും ബാങ്കുകളും നാളെ പ്രവർത്തിക്കില്ല. വാഹനങ്ങൾ ഓടില്ല. പണിമുടക്ക് ഹർത്താലിന്റെ പ്രതീതി ജനിപ്പിക്കാനാണു സാധ്യത.
കോവിഡ് കാലത്ത് ഏറെ അടച്ചുപൂട്ടലുകൾമൂലം സാന്പത്തികമായി വീർപ്പുമുട്ടുന്ന വ്യാപാര മേഖല അടച്ചിടില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയും മർച്ചന്റ്സ് അസോസിയേഷനും ഈ നിലപാടിലാണ്.
കോവിഡ് മൂലമുള്ള അടച്ചിടലുകളിൾ തളർന്ന വ്യാപാര ശാലകളെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ നിർബന്ധപൂർവം അടപ്പിക്കാൻ ആരും ശ്രമിക്കില്ല.
ബിജെപിയുടെ തൊഴിലാളി പ്രസ്ഥാനം ഒഴികേയുള്ള എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തിലാണ് പണിമുടക്കു നടത്തുന്നത്.
തൊഴിൽ സംരക്ഷണം, വിലവർധന തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് മാസങ്ങൾക്കു മുന്പേ പ്രഖ്യാപിച്ച പണിമുടക്കാണ് ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രിവരെ നടത്തുന്നത്.