കോഴിക്കോട്: ജില്ലയിൽ രാഷ്ട്രീയി അക്രമത്തിന് അയവില്ല. തുടർച്ചയായ രണ്ടാം ദിവസവും ഹർത്താൽ ആചരിക്കുന്ന കോഴിക്കോട്ട് പരക്കെ അക്രമം തുടരുകയാണ്. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്റെ വടകര വള്ളിയാട്ടുള്ള വീടിന് നേരെ ഒരു സംഘം ഇന്ന് പുലർച്ചയോടെ കല്ലെറിഞ്ഞു. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നതായി നേതാക്കൾ പറഞ്ഞു.
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ജില്ലയുടെ മറ്റിടങ്ങളിലും തീവയ്പ്പും മറ്റും തുടരുകയാണ്. ചെറുവണ്ണൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനും നന്മണ്ട ലോക്കൽ കമ്മിറ്റി ഓഫീസും അക്രമികൾ അഗ്നിക്കരയാക്കി. ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബിഎംഎസ് ഓഫീസ് അടിച്ചു തകർത്തിരുന്നു.
ഇതിൽ പ്രതിഷേധിച്ച് വൈകുന്നേരം ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം ബോർഡുകളും ബാനറുകളും തകർത്തു. പാളയം കോഫി ഹൗസിന് നേരെയും കല്ലേറുണ്ടായിരുന്നു. ആനിഹോൾ റോഡിൽ പ്രവർത്തിക്കുന്ന ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസും ഒരു സംഘം അടിച്ചു തകർത്തിരുന്നു. സംഘർഷത്തിന് അയവ് വരാത്ത മേഖലകളിൽ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ നഗരത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടക്കുമെന്ന നേതാക്കൾ അറിയിച്ചു.