കോട്ടയം: ദളിത് സംഘടനകളുടെ സംയുക്ത സമിതി തിങ്കളാ ഴ്ച സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, മെഡിക്കൽ ഷോപ്പ് എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി സംഘടനാ നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഉത്തരേന്ത്യയിലെ ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവച്ചു കൊന്ന സംഭവത്തിൽ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുക, കൊലക്കുറ്റത്തിന് കേസെടുക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം വീതം നഷ്ടപരിഹാരം നല്കുക, പട്ടികജാതി-പട്ടികവർഗ പീഡന നിരോധിത നിയമം പൂർവ സ്ഥിതിയിലാക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്), അഖില കേരള ചേരമർ ഹിന്ദുമഹാസഭ (എകെസിഎച്ച് എംഎസ്), നാഷണൽ ദളിത് ലിബറേഷൻ ഫ്രണ്ട് (എൻഡി എൽഎഫ്), ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡിഎച്ച് ആർഎം), കേരള ചേരമർ സംഘം (കെഎസിഎസ്), സോഷ്യൽ ലിബറേഷൻ ഫ്രണ്ട് (എസ്എൽഎഫ്), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) , ദ്രാവിഡ വർഗ ഐക്യമുന്നണി തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.