അങ്ങനെ കേരളത്തിലെ ഗവണ്മെന്റ് ഉദ്യോഗസ്ഥര്ക്കും രാഷ്ട്രീയക്കാര്ക്കുമെല്ലാം സന്തോഷം പകരുന്ന ഒരു ഹര്ത്താല് കൂടി വരവായി. അതും ലോക വിനോദസഞ്ചാര ദിനത്തില്.
കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക നയങ്ങള്ക്കെതിരേ കര്ഷക സംഘടനകള് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്ത്താലിന്, മറ്റെന്തു കാര്യത്തിനും എതിരഭിപ്രായമുള്ള ഭരണ-പ്രതിപക്ഷ കക്ഷികള് ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹര്ത്താലില് കേരളം സ്തംഭിക്കുമെന്ന് ഉറപ്പു വരുത്താന് ഈ രാഷ്ട്രീയപാര്ട്ടികളുടെ തൊഴിലാളി സംഘടനകളും ഹര്ത്താലിനു പിന്തുണ നല്കിയിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയില് തകര്ന്നടിഞ്ഞ ടൂറിസം മേഖല ഒന്നു പച്ചപിടിച്ചു വരുമ്പോഴാണ് വിനോദസഞ്ചാര ദിനത്തില് തന്നെ ഹര്ത്താല് വരുന്നത്.
ഉത്തരേന്ത്യന്ത്യന് ടൂറിസ്റ്റുകള്ക്കും വിദേശ ടൂറിസ്റ്റുകള്ക്കും ഇത് ഒരുപോലെ തെറ്റായ സന്ദേശയമായിരിക്കും നല്കുകയെന്നുറപ്പ്.
ഒരാള്ക്കു പോലും പുറത്തിറങ്ങാന് കഴിയാത്ത സാഹചര്യം വരുമ്പോള് എങ്ങനെയാണ് ടൂറിസം വികസിക്കുകയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് ചോദിക്കുന്നു.
കേരളത്തിലെ വ്യവസായ സ്ഥാപനങ്ങള് തുറന്നു വരുന്ന സമയത്ത് ഹര്ത്താല് ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന് അബാദ് ഹോട്ടല്സ് ആന്ഡ് റിസോര്ട്ട് എംഡി റിയാസ് അഹമ്മദ് പറഞ്ഞു.
പണിമുടക്ക് രാജ്യവ്യാപകമാണെങ്കിലും രണ്ടോ മൂന്നോ സംസ്ഥാനങ്ങളില് മാത്രമേ ഇത് ജനജീവിതം സ്തംഭിപ്പിക്കുകയുള്ളൂ. അതിലൊന്നാണ് കേരളം എന്നതില് മലയാളികള്ക്ക് ‘അഭിമാനിക്കാം’.
ഇപ്പോള് പൊതുവെ സംസ്ഥാനത്തേക്ക് അന്യസംസ്ഥാന,വിദേശ ടൂറിസ്റ്റുകളുടെ വരവ് കുറവാണെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. ഇപ്പോള് സംസ്ഥാനത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെത്തുന്നതില് ബഹുഭൂരിപക്ഷവും മലയാളികള് തന്നെയാണ്.
എന്നാല് തദ്ദേശീയരായ ടൂറിസ്റ്റുകള് കുറെയധികം വന്നതു കൊണ്ട് മാത്രം കേരളത്തിന്റെ വിനോദസഞ്ചാര മേഖല വികസിക്കപ്പെടുകയില്ലെന്നത് സ്പഷ്ടമാണ്.
ഈ ഹര്ത്താല് ഇടതുമുന്നണിയുടെ നിലപാടു മാറ്റം കൂടിയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്ത്താല് ഒഴിവാക്കാന് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്ന് മുമ്പ് പലതവണ വ്യക്തമാക്കിയിട്ടുള്ളയാളുകളാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും. എന്നാല് ഇപ്പോള് ഈ ഹര്ത്താല് വിജയിപ്പിക്കാന് മുന്പന്തിയിലുള്ളതും ഇവരൊക്കെത്തന്നെയാണെന്നതാണ് വസ്തുത.
എന്തിനും ഏതിനും ഹര്ത്താല് പ്രഖ്യാപിക്കുന്ന കേരളത്തില്ത്തന്നെയാണ് അക്ഷരാര്ഥത്തില് ഇത് ‘ബന്ദ്’ ആയി മാറുന്നതും. എന്തായാലും കേരളത്തിലെ രാഷ്ട്രീയക്കാര്ക്ക് നല്ലബുദ്ധി വരാത്തിടത്തോളം കാലം സംസ്ഥാനത്തിന്റെ സ്ഥിതി ഇതൊക്കെത്തന്നെയാകുമെന്ന് തീര്ച്ച.