തിരുവനന്തപുരം: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫും എൽഡിഎഫും ആഹ്വാനം ചെയ്ത ഹർത്താലിൽ കേരളം സ്തംഭിച്ചു. പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിലും ഹർത്താൽ പൂർണമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഹർത്താൽ ബാധിച്ചു.
കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സംസ്ഥാനത്ത് സർവീസ് നടത്തുന്നില്ല. ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ഇതോടെ ജനജീവിതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ആശുപത്രികളിലേക്കും വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയിലേക്കും പോകേണ്ട യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.
കൊച്ചിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കാളവണ്ടി പ്രതിഷേധവും അരങ്ങേറി. തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ടെക്നോപാർക്ക് ഉപരോധിക്കാൻ ശ്രമിച്ചിരുന്നു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
തിരുവനന്തപുരത്ത് വനിത കമ്മീഷൻ അംഗം ഷാഹിദാ കമാലിനെയും കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്തു. ഹർത്താൽ ദിനത്തിൽ കാറിൽ യാത്ര ചെയ്തതിനായിരുന്നു ആക്രമണം.