ഹർത്താൽ തുടരുന്നു; കോഴിക്കോട്ടും തിരുവനന്തപുരത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്

കോട്ടയം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരേ അഖില ഭാരത ഹിന്ദു പരിഷത്ത് അഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് പൂർണം. കോഴിക്കോട്ടും തിരുവനന്തപുരത്തും ഹർത്താലനുകൂലികൾ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു.

കോഴിക്കോട്ട് മുക്കം, കുണ്ടായിത്തോട്. കുന്നമംഗലം എന്നിവടങ്ങളിലാണ് അക്രമങ്ങൾ അരങ്ങേറിയത്. സ്കാനിയ ബസുകൾക്ക് നേരെയായിരുന്നു അക്രമം. ആർക്കും പരിക്കില്ല. തിരുവനന്തപുരത്ത് കല്ലന്പലത്താണ് കെഎസ്ആർടിസി ബസിന് നേരെ ആക്രമണമുണ്ടായത്. ഇതേതുടർന്ന് സർവീസ് നിർത്തിവച്ചു. ഇവിടെയും ആർക്കും പരിക്കില്ല.

ഹർത്താലിൽ സംസ്ഥാനത്ത് കടകന്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ രാവിലെ അവസാനിക്കുന്ന രാത്രി സർവീസ് ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. സ്വകാര്യ ബസുകളും ചരക്ക് ലോറികളും നിരത്തിലില്ല. മഹാനവമി പ്രമാണിച്ച് പൊതു അവധിയായതിനാൽ സ്കൂളുകളും സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല.

ഹർത്താലിനോട് അനുബന്ധിച്ച് പോലീസ് കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട നിലയ്ക്കൽ, പമ്പ എന്നിവടങ്ങളിലും എരുമേലിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശബരിമലയോട് ബന്ധപ്പെട്ട പ്രദേശങ്ങളെല്ലാം നിരോധനാജ്ഞയുടെ പരിധിയിലായതിനാൽ അനിഷ്ട സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല.

അതിനിടെ നിലയ്ക്കലിലും പന്പയിലും ഇന്നും മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായി. മാധ്യമങ്ങളെ പ്രദേശത്ത് നിന്നും ഓടിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഐജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ പോലീസ് പന്പയിലും നിലയ്ക്കലിലും കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.

Related posts