കോട്ടയം: ദളിത് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ കേരളത്തിലും ഹർത്താൽ നടത്തും.
എസ്സി-എസ്ടി സംവരണ പ്രശ്നത്തിൽ പ്രതിഷേധിച്ചാണ് അഖിലേന്ത്യ ഹർത്താലിന്റെ ഭാഗമായി കേരളത്തിലും ഹർത്താൽ നടത്തുന്നത്.
ഹർത്താൽ മാറ്റിവച്ചെന്നുള്ള വാർത്തകൾ വ്യാജമാണെന്നും ഹർത്താലിനു മുന്‍പുള്ള പ്രതിഷേധ യോഗം ഇന്നു വൈകുന്നേരം കോട്ടയം നഗരത്തിൽ സംഘടിപ്പിക്കുമെന്നും ദളിത് സംയുക്ത സമിതി ജനറൽ കണ്‍വീനർ അഡ്വ. പി. ഒ. ജോണ്‍ അറിയിച്ചു.
പട്ടികജാതി-പട്ടികവർഗ സംവരണം നടപ്പിലാക്കുവാൻ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾക്ക് ബാധ്യതയില്ലെന്നും പ്രമോഷനിൽ സംവരണം മൗലികാവകാശമില്ലെന്നുമുള്ള സുപ്രീം കോടതി വിധി ഭരണഘടനാ തത്ത്വങ്ങളുടെ ലംഘനവും പട്ടികജനവിഭാഗങ്ങളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങളുടെ നിഷേധവുമാണെന്നും ഭാരവാഹികൾ പറഞ്ഞു.
ഹർത്താലിൽനിന്ന് പാൽ, പത്രം, ആശുപത്രി, മെഡിക്കൽ ഷോപ്പ്, ആംബുലൻസ് സർവീസ്, വിവാഹ പാർട്ടികളുടെ വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.