മനക്കൊടി: തൃശൂർ -കാഞ്ഞാണി- വാടാനപ്പള്ളി റൂട്ടിലെ തകർന്ന റോഡിലെ കുഴികളടച്ച് അപകടമൊഴിവാക്കാൻ ഹർത്താൽ ദിനത്തിൽ ബസുടമകളും തൊഴിലാളികളും വീണ്ടും രംഗത്തിറങ്ങി. ചേറ്റുപുഴപാടം മുതൽ വാടാനപ്പള്ളിവരെയുള്ള റോഡിലെ കുഴികളാണ് തൃശൂർ -കാഞ്ഞാണി മേഖല ബസ് ഓപ്പറേറ്റേഴ്സ് യൂണിയനും ബസ് തൊഴിലാളികളും ചേർന്ന് അടച്ചത്.
സിമന്റും മെറ്റലും മണലും ചേർത്ത് കോൺക്രീറ്റ് ചെയ്താണ് ഓരോ കുഴികളും ഇവർ അടച്ചത്. ഇത് കണ്ടെങ്കിലും ജനപ്രതിനിധികളുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും കണ്ണ് തുറക്കണമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്. ഒരുമാസംമുന്നേ ബസുടമകളും തൊഴിലാളികളും ചേർന്ന് കുഴികൾ അടച്ചിരുന്നു.
വീണ്ടും രൂപപ്പെട്ട് പുതിയ കുഴികളാണ് ഇന്നലെ വീണ്ടും അടച്ചത്. ഇനിയും റോഡ് റീടാർ ചെയ്തില്ലെങ്കിൽ ബസ് പണിമുടക്ക് അടക്കമുള്ള സമരങ്ങളിലേക്ക് തിരിയുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.