ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ ഇന്നലെ പ്രകടനം നടത്തിക്കഴിഞ്ഞിട്ടും പിരിഞ്ഞുപോകാതെ സംഘർഷമുണ്ടാക്കിയ 250 ഹർത്താലനുകൂലികൾക്കെതിരെ പോലീസ് കേസെടുത്തു. ഉച്ചയ്ക്ക് സിപിഎംകാരുടെ പ്രകടനം എത്തിയപ്പോൾ ഇരുകൂട്ടരും തമ്മിൽ സംഘർഷാവസ്ഥയുണ്ടായി.
പോലീസ് ഇടപെടൽ മൂലമാണ് സംഘട്ടനം ഒഴിവായത്. കെ എസ്ആർടിസി ബസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയതിന് 25 ഹർത്താലനുകൂലികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.ബുധനാഴ്ച നടത്തിയ അപ്രഖ്യാപിത ഹർത്താൽ ജനങ്ങളെയും വ്യാപാരികളെയും വലച്ചു. ശബരിയുവതിപ്രവേശനത്തിൽ പ്രതിഷേധിച്ച് ഉച്ചയോടെതന്നെ കടകൾ ബലമായി അടപ്പിക്കുകയായിരുന്നു.
ഹോട്ടലുകളിൽ ഉണ്ടാക്കിവച്ചിരുന്ന ഭക്ഷണം നശിപ്പിക്കേണ്ടിവന്നു. അപ്രഖ്യാപിത ഹർത്താൽ നടത്തി കടകൾ ബലമായി അടപ്പിച്ചതിൽ വ്യാപാരികൾ പ്രതിഷേധിച്ചു.