എരുമേലി: ശബരിമല തീർഥാടന കാലം ആരംഭിച്ച ശേഷം ഹരിതകർമസേന അംഗങ്ങൾ സമാഹരിച്ചത് 162 കിലോയോളം അജൈവ മാലിന്യങ്ങളും 190 കിലോയോളം ബോട്ടിലുകളും. വാർഡിലെ ഡ്യൂട്ടിക്കിടെയാണ് ഓരോ ഹരിതകർമസേന അംഗവും ഊഴം അനുസരിച്ചു ശബരിമല പാതകളിൽ സേവന നിരതരാകുന്നത്.
എരുമേലി മുതൽ കണമല, കാളകെട്ടി വരെയുള്ള ശബരിമല പാതയിൽ 12 ഇടങ്ങളിലെ ഹരിത ചെക്ക് പോസ്റ്റുകളിൽ കാത്തു നിൽക്കുകയാണ് ഹരിതകർമസേന അംഗങ്ങളായ ഒരുപറ്റം വീട്ടമ്മമാർ.
ഹരിതകർമസേനയോട് പലർക്കും അവഗണനയും പുച്ഛവുമൊക്കെയാണ്. എന്നാൽ ഇവർ ഇല്ലെങ്കിൽ റോഡ് വക്കിലും തോട്ടിലും ഒക്കെ അടിഞ്ഞ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കാലങ്ങളോളം കിടക്കേണ്ടി വരുമെന്ന് പലരും ചിന്തിക്കാറില്ല.
കോടിയിലേറെ തീർഥാടകർ കടന്നുപോകുന്ന ശബരിമല പാതയിൽ ഒരാൾ ഒരു പ്ലാസ്റ്റിക് സാധനം എന്ന നിലയിൽ ഉപേക്ഷിച്ചാൽ എരുമേലി പഞ്ചായത്തിൽ പലയിടത്തുമായി കോടിയിലേറെ പ്ലാസ്റ്റിക് ആണ് എത്തുക.
അതേസമയം ഇവയെല്ലാം കൃത്യമായി ശേഖരിക്കാനായാൽ കോടിയോളം പ്ലാസ്റ്റിക് ആണ് പ്രകൃതിയെ നാശത്തിലാക്കാതെ പുനരുപയോഗത്തിന് വിധേയമാക്കി വീണ്ടും ഉപയോഗിക്കാൻ ലഭിക്കുക.
രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറുവരെയാണ് ഒരു ചെക്ക് പോസ്റ്റിൽ രണ്ട് പേർ എന്ന നിലയിൽ ഡ്യൂട്ടി. ഇടത്താവളമായ കാളകെട്ടിയിൽ മൂന്ന് പേരാണ് സേവനത്തിനുള്ളത്. ഇന്നലെ ഇടവിട്ട് ശക്തമായി പെയ്യുന്ന മഴയിലും 12 ചെക്ക് പോസ്റ്റുകളിലും ഇവർ റെയിൻ കോട്ട്, ഗ്ലൗസ് ഉൾപ്പെടെ സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് കർമ നിരതരായിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എരുമേലിയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ കൺട്രോൾ റൂമിനാണ് ഹരിത ചെക്ക് പോസ്റ്റുകളുടെ മേൽനോട്ടം.