ആലപ്പുഴ: ചേർത്തലയിൽപ്ലസ്ടു വിദ്യാർത്ഥിയെ മർദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എൽഡിഎഫും യു ഡി എഫും ആഹ്വാനം ചെയ്ത പന്ത്രണ്ട് മണിക്കൂർ ജില്ലാഹർത്താൽ ആരംഭിച്ചു. ഹർത്താലിനെ തുടർന്ന് കട കന്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ് .എസ് ആർ ടി സി ദീർഘദൂര സർവ്വീസുകൾ നടത്തുന്നുണ്ടെങ്കിലും ജില്ലാതലത്തിൽ സർവ്വീസ് നടത്തുന്നില്ല.
സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടില്ല. ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എൽ ഡി എഫ് ,യു ഡി എഫ് പ്രവർത്തകർ പ്രകടനങ്ങളും ആഹ്വാനം ചെയ്തിട്ടുണ്ട്. ശക്തമായ പോലീസ് സന്നാഹം ഹർത്താൽ ഭാഗമായി ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്.പട്ടണക്കാട്പഞ്ചായത്ത്പത്താം വാർഡ് കളപ്പുരക്കൽ നികർത്തിൽ അശോകന്റെ മകൻ അനന്തു (17) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് എൽഡിഎഫും യു ഡി എഫും ഹർത്താലിന് ആഹ്വാനം ചെയ്തത്.
ബുധനാഴ്ച രാത്രി വയലാർ നീലിമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ അനന്തുവിനെ ഒരു സംഘം യുവാക്കൾ അക്രമിക്കുകയായിരുന്നു. മർദന ത്തിൽ ഗുരുതര പരിക്കേറ്റ അനന്തുവിനെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.തുടർച്ചയായുള്ള ഹർത്താലുകൾ ജില്ലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പഴം-പച്ചക്കറി കച്ചവടക്കാർക്ക് തുടർച്ചയായ ഹർത്താലുകൾ സാന്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ട്.