തിരുവനന്തപുരം: പൗരത്വ നിയമത്തിൽ പ്രതിഷേധിച്ചു ചൊവ്വാഴ്ച മുസ്ലിം സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ നിയമപ്രകാരമല്ലെന്നു പോലീസ് സംഘടനകളെ അറിയിച്ചു. ഹൈക്കോടതി നിർദേശ പ്രകാരം ഏഴു ദിവസത്തെ നോട്ടീസ് നൽകിയ ശേഷം മാത്രമേ ഹർത്താൽ നടത്താനാകൂ. ഇപ്പോഴത്തെ ഹർത്താൽ പ്രഖ്യാപനം ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ഹർത്താൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ടു തുടർ നടപടി സ്വീകരിക്കാൻ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേക് ദർബേഷ് സാഹിബിനെ, സംസ്ഥാന പോലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്. നോട്ടീസ് നൽകാതെ ഹർത്താൽ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നു കാസർഗോഡ് ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹർത്താലിനെതിരേ സിപിഎമ്മും രംഗത്തു വന്നിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണു വെൽഫയർ പാർട്ടി അടക്കമുള്ള സംയുക്ത സമിതിക്കു വേണ്ടി ശ്രീജ നെയ്യാറ്റിൻകര പത്രക്കുറിപ്പിറക്കിയത്. എസ്ഡിപിഐ, ബിഎസ്പി, കഐംവൈഎഫ്, ജമാ അത്ത് കൗണ്‍സിൽ, ഡിഎച്ച്ആർഎം, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം തുടങ്ങിയ സംഘടനകൾ ഹർത്താലിനെ പിന്തുണയ്ക്കുന്നുണ്ടെന്നു പത്രക്കുറിപ്പിൽ പറയുന്നു.