പാലക്കാട്: ഹർത്താലിനോടനുബന്ധിച്ച് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ചവർക്കെതിരെയും അക്രമ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരേയും കർശന നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കളക്ടർ ഡി.ബാലമുരളി അറിയിച്ചു.
ജില്ലയിലെ ക്രമസമാധാനം, പൊതുമുതൽ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും സ്വെര്യ ജീവിതത്തെ ബാധിക്കാതിരിക്കാനും നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയപ്പാർട്ടി ജില്ലാ നേതാക്കളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം അറിയിച്ചത്.
സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും അക്രമ പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാനും അണികൾക്ക് കർശന നിർദേശം നൽകുമെന്ന് നേതാക്കൾ യോഗത്തിൽ ഉറപ്പുനൽകി. അഭിപ്രായവ്യത്യാസമുളള വിഷയങ്ങളിൽ നിയമപരമായ പരിഹാരം കാണുന്നതിനും സൗഹൃദപരമായ അന്തരീക്ഷം ജില്ലയിൽ നിലനിർത്തുന്നതിനും രാഷ്ട്രീയ പാർട്ടിക്കാരും സഹകരണം വാഗ്ദാനം നൽകി.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ, എ.ഡി.എം ടി.വിജയൻ, ഒറ്റപ്പാലം സബ കല്കടർ ജെറോമിക്ക് ജോർജ് പങ്കെടുത്തു.