കോഴിക്കോട് : ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തു കണ്ടുകെട്ടാനുള്ള നടപടിക്കൊരുങ്ങി പോലീസ്. പൊതുമുതലും സ്വകാര്യസ്വത്തുക്കളും നശിപ്പിക്കുന്നവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് ഹര്‍ത്താലിനു മുമ്പേ തന്നെ ഡിജിപി ലോക്നാഥ് ബഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതേതുടര്‍ന്നാണ് നാശനഷ്ടങ്ങള്‍ ഈടാക്കുന്നതിന് സ്വത്ത് കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള നടപടിയുമായി പോലീസ് രംഗത്തെത്തിയത്. ഹര്‍ത്താലില്‍ അക്രമം നടത്തിയവരില്‍ ഭൂരിഭാഗവും പോലീസിന്റെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇപ്രകാരം പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തുന്നത്. ഇവരുടെ സ്വത്തുകളില്‍ നിന്ന് നശിപ്പിച്ച വസ്തുവകകളുടെ തുക ഈടാക്കാനാണ് തീരുമാനം.
ശബരിമല യുവതീ പ്രവേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഗവര്‍ണറെ മുഖ്യമന്ത്രി അറിയിച്ചത്. പാര്‍ട്ടി നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. ഈ സാഹചര്യത്തില്‍ പോലീസ് മറ്റു കേസുകള്‍ക്കു പുറകെ പോവാതെ ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട കേസുകളിലാണ് പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് .
സംസ്ഥാനത്ത് ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് 2190 ലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 6711 പേര് അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് സിറ്റിയില്‍ മിഠായിതെരുവില്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മാത്രം ഇന്നലെ ഒന്‍പതു പേര് കൂടി അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെ 40 പേരാണ് ഈ കേസില്‍ മാത്രം ഇതുവരെ അറസ്റ്റിലായത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്ന അക്രമത്തില്‍ 150 ഓളം കേസുകളിലായി 440 പേരാണ് ഇതിനം അറസ്റ്റിലായത്. ഇതില്‍ സ്വകാര്യവസ്തുവകകള് നശിപ്പിച്ച കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പരാതിക്കാരെക്കൊണ്ടു തന്നെ സിവില്‍ കേസ് നല്‍കിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
ഹര്‍ത്താല്‍ ദിനത്തില്‍ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങള്‍, ഓഫിസുകള്‍ , വ്യാപാര സ്ഥാപനങ്ങള്‍ , വീടുകള്‍ എന്നിവ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. ഇവ പൊതുമുതല്‍ അല്ലാത്തതിനാല്‍ പൊതുമുതല്‍ നശീകരണ നിരോധനനിയമം ചുമത്താന്‍ കഴിയില്ല. ഇത്തരം സംഭവങ്ങളില്‍ സാധാരണയായി പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസാണ് എടുക്കാറുള്ളത്. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്ളതിനാല്‍ സിവില്‍ കേസ് കൂടി വന്നാല്‍ സ്വത്തുകണ്ടുകെട്ടാമെന്നാണ് പോലീസ് പറയുന്നത്.
ബ്രോക്കണ്‍ വിന്‍ഡോ ഓപ്പറേഷന്റെ ഭാഗമായി പോലീസ് ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ കണ്ടെത്താനായി സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഓരോ സ്റ്റേഷന് പരിധിയിലും നടന്ന അക്രമങ്ങളിലെ പ്രതികളെ കണ്ടെത്താനായി ഓരോ പോലീസ് സ്റ്റേഷനിലും നാലു പോലീസുകാരടങ്ങുന്ന പ്രത്യേക സംഘത്തെയും നിയോഗിച്ചിരിക്കുകയാണ്. അതേസമയം കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിലും അണിയറയില്‍ നീക്കം നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. ഹര്‍ത്താലില്‍ കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേയാണ്.
അതേസമയം പൊതുപണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞതുള്‍പ്പെടെ സിപിഎം നേതാക്കള്‍ക്കെതിരേയും കേസുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പിനും നടപടികള്‍ ലഘൂകരിക്കുന്നതിനും അണിയറില്‍ നീക്കം നടക്കുന്നതായി ആരോപണമുയരുന്നത്.