കൊല്ലം: ഓട്ടോ തടഞ്ഞുനിർത്തി ഗർഭിണിയായ യുവതിയെയും കുടുംബത്തെയും ഇറക്കിവിട്ടതായി പരാതി. കുണ്ടറയിൽ നിന്നും കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് വന്ന യുവതിയെയും മകനെയും അമ്മയെയുമാണ് കടപ്പാക്കട- ചിന്നക്കട റോഡിൽ ഉപാസന ആശുപത്രിക്ക് മുന്നിൽ ബൈക്കിലെത്തിയ യൂത്ത് കോണ്‍ഗ്രസുകാർ തടയുകയും ഓട്ടോയിൽ നിന്നും ഇറക്കിവിടുകയും ചെയ്തതായി പറയുന്നത്.
രാവിലെ ഒന്‍പതോടെയാണ് സംഭവം. തുടർന്ന് ഇവരെ മറ്റൊരു ഓട്ടോ ഡ്രൈവർ ആശ്രാമം റോഡിലൂടെ വിക്ടോറിയ ആശുപത്രിക്ക് സമീപം എത്തിച്ചു. തിരികെവന്ന ഓട്ടോ ചിന്നക്കടയിൽ യുഡിഎഫുകാർ തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചതായും പരാതി യുണ്ട്.
പോളയത്തോട് വയലിത്തോപ്പിൽ എം എച്ച് ഷിബുവിനാണ് മർദനമേറ്റത്. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. ഷിബു കൊല്ലം ഈസ്റ്റ് പോലീസിൽ പരാതി നൽകി.