പാലക്കാട്: ബസിനുകല്ലെറിഞ്ഞ കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനുസംഭവിച്ച വീഴ്ചയിൽ പ്രതിഷേധിച്ച് എലപ്പുള്ളി പഞ്ചായത്തിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം.
രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. വാഹനങ്ങളൊന്നും സർവീസ് നടത്തുന്നില്ല. കടകളും തുറന്നു പ്രവർത്തിക്കുന്നില്ല. കുറഞ്ഞ തോതിൽ സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പാലക്കാട് പള്ളത്തേരി ചേവൽക്കാട് പത്മനാഭന്റെ മകൻ സന്തോഷ് (27) ആണ് ചൊവ്വാഴ്ച തൂങ്ങിമരിച്ചത്. ആത്മഹത്യക്ക് പിന്നിൽ പോലീസിന്റെ നിരന്തര ഭീഷണിയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടർന്നുള്ള ഇൻക്വസ്റ്റ് നടപടികൾവരെ ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞദിവസം തടഞ്ഞിരുന്നു. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ നടപടിയെടുക്കാമെന്ന ഉറപ്പിൻമേലാണ് നടപടികൾ പൂർത്തീകരിച്ചത്.
ഇന്നലെ സന്തോഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചപ്പോഴും അന്തരീക്ഷം സംഘർഷഭരിതമായിരുന്നു. സന്തോഷിനെ ഭീഷണിപ്പെടുത്തിയ കസബ സ്റ്റേഷനിലെ പോലീസിനെ സ്ഥലത്തെത്തിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിൽ നാട്ടുകാർ ഉറച്ചുനിന്നു. ബിജെപി, ബിഎംഎസ് പ്രവർത്തകരും പ്രതിഷേധത്തിനു ആക്കം കൂട്ടി. ഇതിനിടെ പോലീസ് വീട്ടുകാരുമായി സംസാരിച്ച് മൃതദേഹം വീട്ടുവളപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ തടഞ്ഞു.
ഈ സമയം സ്ഥലത്തെത്തിയ കോങ്ങാട് എംഎൽഎ കെ.വി. വിജയദാസ് കാര്യങ്ങളിൽ ഇടപെട്ട് പോലീസിനൊപ്പം ചേർന്ന് മൃതദേഹം വീട്ടുവളപ്പിലേക്കു കയറ്റി. ഇതോടെയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ വൈകുന്നേരം 5.30 ഓടെ സന്തോഷിന്റെ മൃതദേഹം വൻ ജനാവലിയുടെ സാനിധ്യത്തിൽ സംസ്കരിച്ചു.
സന്തോഷിന്റെ മരണത്തിനു കാരണക്കാരായ പോലീസുകാർക്കെതിരെ നടപടിയെടുക്കുക, നാട്ടുകാർക്കെതിരെ അപമര്യാദയായി പെരുമാറിയ കെ.വി. വിജയദാസ് എംഎൽഎ മാപ്പുപറയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എലപ്പുള്ളി പഞ്ചാത്തിൽ ഇന്ന് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ശിവരാമൻ, മണ്ഡലം പ്രസിഡന്റ് എൻ. ഷണ്മുഖൻ, സെക്രട്ടറി എം.കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധ പ്രകടനവും യോഗവും നടന്നു.ഇക്കഴിഞ്ഞ ജനുവരിയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് കല്ലെറിഞ്ഞു തകർത്ത കേസിലെ നാലുപ്രതികളിലൊരാളാണ് സന്തോഷെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാനും ശ്രമം നടന്നിരുന്നു. തുകയടക്കണമെന്നാവശ്യപ്പെട്ട് കസബ പോലീസ് നിരന്തരമായി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞദിവസവും സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സന്തോഷിന്റെ ആത്മഹത്യയും നടന്നത്.