സൂര്യനാരായണൻ
കൊച്ചി: ശബരിമല യുവതീപ്രവേശനത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങളും ദേശീയ പണിമുടക്കിനെ തുടർന്നു ട്രെയിൻ തടഞ്ഞ സംഭവവും ബന്ധപ്പെട്ടു കേസുകൾ കുന്നു കൂടുന്പോൾ നേതാക്കൾ വഴുതിമാറി രക്ഷപ്പെടുന്നു, അണികൾ കുടുങ്ങുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു കേരളത്തിൽ ചാർജ് ചെയ്ത കേസുകളിൽ ശബരിമലയിലും വിവിധ പ്രദേശങ്ങളിലുമായി നടന്ന അക്രമ സംഭവങ്ങൾ സംബന്ധിച്ച് 2012 കേസുകൾ രജിസ്റ്റർ ചെയ്തു. അതിൽ 10,561 പേരെ തിരിച്ചറിഞ്ഞു.
ഇവരിൽ സംഘപരിവാർ സംഘടനകളിൽപെട്ടവർ 9489 -ഉം മറ്റുള്ളവർ 1072- ഉം ആണ്. ഹർത്താലുമായി ബന്ധപ്പെട്ടു മാത്രമുണ്ടായ വിവിധ അക്രമ സംഭവങ്ങളിൽ 1137 കേസുകൾ രജിസ്റ്റർ ചെയ്തു. 10,024 പ്രതികളെ തിരിച്ചറിഞ്ഞു. അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ 17 മാധ്യമപ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് ഏഴു പോലീസ് സ്റ്റേഷനുകളിലായി 15 പേർ അറസ്റ്റിലായി. മൂന്നിനു നടന്ന ഹർത്താൽ ദിനത്തിൽ മാത്രമുണ്ടായ നഷ്ടം 2.32 കോടി രൂപയുടേതാണ്.
ഇതെല്ലാം ഈടാക്കാനാണ് സർക്കാരിന്റെ തീരുമാനം. പ്രതികളിൽ ഭൂരിപക്ഷവും സംഘപരിവാറായതു കൊണ്ടു സർക്കാരിനും കേസുമായി മുന്നോട്ട് പോകാൻ താൽപര്യമാണ്. എന്നാൽ ഇതിലൊന്നും നേതാക്കളെക്കാൾ അണികളാണ് കുടുങ്ങുന്നത്. എന്നാൽ ദേശീയ പണിമുടക്കിൽ ട്രെയിൻ തടഞ്ഞ സംഭവത്തിൽ കേരളത്തിലെ തിരുവനന്തപുരം , പാലക്കാട് ഡിവിഷന്റെ കീഴിൽ രണ്ടായിരത്തിലധികം പേരാണ് കേസിൽ പ്രതിയാകുന്നത്.
ഇതു എൽഡിഎഫ്,യുഡിഎഫ് അനുഭാവികളാണ് കൂടുതലായിട്ടുള്ളത്. കേന്ദ്രത്തിന്റെ നേരിട്ടു നിയന്ത്രണത്തിലുള്ള റെയിൽവേയും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുകയാണ്. നേതാക്കളുടെ വാക്കുവിശ്വസിച്ചു രംഗത്തിറങ്ങി അക്രമത്തിനു മുന്നിൽ നിന്ന പ്രവർത്തകർ ശരിക്കും പെട്ടു. ഇതേ സമയം കേസിൽ ഉൾപ്പെട്ടിട്ടുള്ള സിപിഎം സംസ്ഥാന നേതാക്കൾ ഉൾപ്പെടെ കേസിൽ നിന്നും രക്ഷപ്പെടാനുള്ള സമവായ ചർച്ചകളുമായി ഓടി നടക്കുകയാണ്.
ദേശീയ പണിമുടക്കിൽ ബാങ്ക് ആക്രമിച്ച എൻജിഒ യൂണിയൻ നേതാക്കളെ രക്ഷിക്കാനും സിപിഎം നേതാക്കൾ തന്നെ രംഗത്തിറങ്ങി കഴിഞ്ഞു. ഇവരെ അറസ്റ്റു ചെയ്യാതെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. റെയിൽവേയുടെ കേസുകളിൽ കുടുങ്ങിയവർക്കു ഒരു വർഷം കഴിഞ്ഞാലും കേസിൽ നിന്നും ഉൗരാൻ കഴിയാത്ത അവസ്ഥയാണ്. റെയിൽവേ കണക്കെടുപ്പു കഴിഞ്ഞു നഷ്ടപരിഹാരത്തിനായി കോടതിയെ സമിപിക്കുന്പോൾ മുഖ്യമന്ത്രി ഗവർണർക്കു ശബരിമല വിഷയത്തിലുള്ള അക്രമങ്ങളുടെ കണക്കു കൊടുത്തു കഴിഞ്ഞു.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ ഭാഗമായി യുവതികൾ ശബരിമലയിൽ ദർശനം നടത്തുന്ന സ്ഥിതി ഉണ്ടായതിനെത്തുടർന്നു സംസ്ഥാനത്ത് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള അക്രമങ്ങളെക്കുറിച്ചു വിശദമായ റിപ്പോർട്ടാണു മുഖ്യമന്ത്രി കൈമാറിയത്.