തിരുവനന്തപുരം: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എൻ.ആർ.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 17 ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കാൻ വെൽഫെയർ പാർട്ടി, എസ്ഡിപിഐ, ബിഎസ്പി എന്നിവയുൾപ്പെടുന്ന സംയുക്ത യോഗം തീരുമാനിച്ചു. ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെയുളള ജനാധിപത്യ പ്രതിഷേധത്തിൽ പങ്കാളികളായി ഹർത്താൽ വൻ വിജയമാക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.
രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മത-ജാതി പരിഗണനകൾക്ക് അതീതമായ ഭരണഘടന നിർവചിച്ച ഇന്ത്യൻ പൗരത്വം മുസ്ലികൾക്ക് നിഷേധിക്കുക എന്ന ആര്.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളതെന്ന് സംയുക്ത യോഗം ആരോപിച്ചു.