തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി മുതൽ. ബുധനാഴ്ച അർധരാത്രി അവസാനിക്കും.
ദേശീയ പണിമുടക്കിൽ കേരളം നിശ്ചലമാകുമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരനും അവകാശപ്പെട്ടു. അവശ്യ സർവീസുകളായ പാൽ, പത്രം, ആശുപത്രി എന്നിവയെയും ടൂറിസം മേഖലയെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർഥാടന വാഹനങ്ങളെയും ഒഴിവാക്കി. വാഹനങ്ങൾ നിരത്തിലിറങ്ങില്ല. കടകന്പോളങ്ങൾ അടഞ്ഞുകിടക്കും.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എഐസിടിയു, എഐയുടിയുസി, സേവ, ടിയുസിഐ, ടിയുസിസി, കെടിയുസി, കെടിയുസി -ജെ, കെടിയുസി -എം, ഐഎൻഎൽസി, എൻഎൽസി, എൻഎൽഒ, എച്ച്എംകെപി, ജെടിയു എന്നീ ട്രേഡ് യൂണിയനുകളാണ് പണിമുടക്കുന്നത്.
പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കേരള, എംജി, കണ്ണൂർ സർവകലാശാലകൾ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു സർവകലാശാലകൾ അറിയിച്ചു. കാലടി, കാലിക്കറ്റ് സർവകലാശാലകളിൽ ബുധനാഴ്ച പരീക്ഷ നിശ്ചയിച്ചിരുന്നില്ല.