കൊച്ചി: 16നു യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനെതിരേ നടപടി വേണമെന്നും ഇതിനു ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഹർജി. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തംഗമായ സോജൻ പവിയാനോസാണു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ഹർത്താൽ ഭരണഘടനാ ലംഘനവും നിയമവിരുദ്ധവുമാണെന്നു ഹർജിയിൽ പറയുന്നു. ഇതിന് ആഹ്വാനം ചെയ്ത പ്രതിപക്ഷനേതാവിന്റെ നടപടി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 166 -ാം വകുപ്പനുസരിച്ച് കുറ്റകരമാണ്. ഈ വകുപ്പു ചുമത്തി കേസെടുക്കാൻ ഡിജിപിക്കും ഹർത്താൽ മൂലമുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലയ്ക്കു മേൽ ചുമത്തി തുക ഈടാക്കാൻ സർക്കാരിനും നിർദേശം നൽകണം.
ഹർത്താൽ ദിനത്തിൽ പൊതു സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ തടസം ഇല്ലാതെ നടക്കുന്നുവെന്നു സർക്കാർ ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.