കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്, യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ ചെയര്മാന് എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
ഹർത്താൽ വാർത്തകളുടെ റിപ്പോർട്ടിംഗ് സംബന്ധിച്ച് മാധ്യമങ്ങൾക്കും കോടതി കർശന നിർദേശമാണ് നൽകിയത്. മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനങ്ങൾ വാര്‍ത്തയാക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്കി. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്താൽ കൂട്ടുത്തരവാദിത്തമുണ്ടാകുമെന്നും കോടതി ഓർമ്മിപ്പിച്ചു. ഹർത്താലുകൾ സാമൂഹിക വിരുദ്ധമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോടതി ഓർമിപ്പിച്ചു.
കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരം മിന്നല്‍ ഹര്‍ത്താലുകള്‍ ജനജീവിതത്തെ ബാധിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.
മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് ഒഴിവാക്കാന്‍ ഹൈക്കോടതി ആഴ്ചകള്‍ക്ക് മുന്‍പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇത് നിലനില്ക്കുമ്പോള് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ക്രിമിനല്‍ കുറ്റമാണ് എന്ന് നിരീക്ഷിച്ച കോടതി ഇതിന് ആഹ്വാനം ചെയ്തത് ആരാണ് എന്നും ചോദിച്ചു. ഇത്തരം നടപടികളില്‍ എല്ലാവര്ക്കും ഉത്തരവാദിത്തം വേണം. ഇത്തരത്തില്‍ ഉത്തരവ് ലംഘിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ച പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ വകുപ്പുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആരാഞ്ഞു.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് മാത്രമേ ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ കമ്മീഷന് സാധിക്കുകയുളളുവെന്നും നിലവില്‍ ഇതിന് പരിമിതികള്‍ ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് ഡീന്‍ കുര്യാക്കോസിനും കാസര്‍ഗോഡ് യുഡിഎഫ് ജില്ലാ ചെയര്‍മാനും കോടതിയലക്ഷ്യ നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടത്.
നേരത്തെ, ഹർത്താലുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിയോട് നിര്‍ദേശിച്ചതായി സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഡീന്‍ കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.