തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കേസെടുത്ത് കുറ്റവാളികളെ കോടതിക്കു മുന്പിൽ കൊണ്ടുവരണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെയുള്ള നിയമം അനുസരിച്ച് കേസെടുക്കാനാണ് ഉത്തരവ്. കുറ്റക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും നടപടിയുണ്ടാകണമെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
ഹർത്താൽ ദിനത്തിൽ ആശുപത്രികളിൽ കഴിയുന്നവർക്കും അവരെ പരിചരിക്കുന്നവർക്കും ആവശ്യമായ മരുന്നും ഭക്ഷണവും സർക്കാർ ഉറപ്പുവരുത്തണം. സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും കോളജുകളിലും പോകുന്നവർക്ക് യാത്രചെയ്യാനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കണം. ഇത്തരം വാഹനങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ രാഷ്ട്രീയ സംഘടനകളും ട്രേഡ് യൂണിയനുകളും നടത്തുന്ന ഹർത്താൽ നിരോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ട്. എന്നാൽ അത് പൊതുജനങ്ങളെ ഉപദ്രവിച്ചുകൊണ്ടാകരുത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരെ എതിർകക്ഷികളാക്കി പൊതു പ്രവർത്തകരായ പി.കെ. രാജു, വഴുതക്കാട് അജിത് കുമാർ എന്നിവർ ഫയൽ ചെയ്ത പരാതികളിലാണ് ഉത്തരവ്.