കോട്ടയം: കർഷക വിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കർഷകസംഘടകൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 27നു പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിനു പിന്തുണ നൽകുവാൻ സംയുക്ത ട്രേഡ് യൂണിയൻ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി 27നു സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ ഹർത്താൽ ആചരിക്കും.വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.
പാൽ, പത്രം, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി പ്രവർത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.ഹർത്താലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്നു ജില്ലയിൽ 1500 കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തും.
കോർപ്പറേറുകൾക്ക് തൊഴിലാളികളെ തീറെഴുതുന്ന നാലു ലേബർ കോഡുകൾ അടിച്ചേൽപ്പിച്ചും, റെയിൽവെ, ബാങ്ക്-ഇൻഷ്വറൻസ്, കൽക്കരി, സ്റ്റീൽ, പെട്രോളിയം തുടങ്ങിയ പൊതുമേഖലകൾ സ്വകാര്യവത്കരിച്ചും കുത്തകകൾക്ക് വേണ്ടി ഭരിക്കുകയാണു കേന്ദ്ര സർക്കാർ.
ഭീമമായ വിലവർധനവിന് ഇടയാക്കുന്ന ഇന്ധന വില വർധനവ് പിൻവലിക്കുക, തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലുള്ള പലിശയ്ക്ക് നികുതി ഏർപ്പെടുത്തുന്ന ഹീന നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ട്രേഡ് യൂണിയൻ ഹർത്താലിൽ ഉന്നയിക്കുന്നുണ്ട്.
സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, എഐടിയുസി ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്കുമാർ, ട്രേഡ് യൂണിയൻ നേതാക്കളായ വി.പി. കൊച്ചുമോൻ, മുണ്ടക്കയം സോമൻ, സന്തോഷ് കല്ലറ, അസീസ് കുമാരനല്ലൂർ, സെബാസ്റ്റ്യൻ ജോസഫ്, ജോബി കേളിയംപറന്പിൽ, സജി നൈനാൻ, എം.കെ. ദ്വിലീപ്, സൗദാമിനി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.