കൊല്ലം: ജനങ്ങളെ ബാധിക്കാത്ത വിഷയങ്ങളിലും മുൻകൂട്ടി പ്രഖ്യാപിക്കാത്തതുമായ ഹർത്താലുകൾ ബഹിഷ്കരിക്കാനും കടകൾ തുറക്കാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
സർക്കാരിനെതിരേ നടത്തുന്ന സമരങ്ങളിൽ സർക്കാർ ഓഫീസുകളും മറ്റും സാധാരണ ഗതിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വ്യാപാരികളുടെയും ഓട്ടോറിക്ഷാ-ടാക്സി-ബസ് തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയവരുടെ ജീവിതമാണ് വഴിമുട്ടുന്നതെന്ന് യോഗം ആരോപിച്ചു.
ഇനി ഇത്തരം ഹർത്താൽ നടത്തുന്ന രാഷ്ട്രീയപാർട്ടികളെ ബഹിഷ്കരിക്കാനും യോഗം തീരുമാനിച്ചു. ഏകോപന സമിതിയുടെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനും വ്യാപാര സംഘടനകളുടെ യോഗത്തിനം ശേഷം മറ്റ് തീരുമാനങ്ങൾ കൈക്കൊള്ളും.
കുണ്ടറ ആശുപത്രിമുക്ക് യൂണിറ്റ് പ്രസിഡന്റിനെയും കൂട്ടരെയും ആക്രമിച്ചവരെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യോഗം പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു. കൊട്ടാരക്കര മാർക്കറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ കത്തിനശിച്ച 27 കടകൾ പുനർനിർമിച്ച് വ്യാപാരം തുടങ്ങുന്നതിന് മതിയായ സാന്പത്തിക സഹായം അടിയന്തിരമായി നൽകണമെന്നും സമിതി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എസ്.ദേവരാജന്റെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി.ഗോപകുമാർ, ഭാരവാഹികളായ ബി.രാജീവ്, നേതാജി ബി.രാജേന്ദ്രൻ, എൻ.രാജീവ്, എ.അൻസാരി, ജോജോ കെ.ഏബ്രഹാം, ഡി.വാവാച്ചൻ, ആന്റണി പാസ്റ്റർ, എ.നവാസ്, എസ്.രമേശ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കൊല്ലം അടിക്കടിയുണ്ടാകുന്ന ഹർത്താലുകളിൽ നിന്നും കടയടപ്പ് സമരങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ഹാഷിം അബ്ദുൾസലാം അറിയിച്ചു.
നിർബന്ധിച്ച് കടകൾ അടയ്ക്കാൻ ആഹ്വാനം ചെയ്യുന്ന സംഘടനകളുടെ ഭാരവാഹികൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായ പ്രവർത്തിക്കാനും അസോസിയേഷൻ തീരുമാനിച്ചു.