കോഴിക്കോട്: കോഴിക്കോട് സിറ്റ് പോലീസ് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. കോറി സഞ്ജയ്കുമാര്‍ ഗുരുഡിൻ ആണ് പുതിയ കമ്മീഷണർ. കഴിഞ്ഞ ദിവസം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ വിഹരിക്കാന്‍ ഹർത്താൽ അനുകൂലികൾക്ക് സിറ്റി പോലീസ് കമ്മീഷണര്‍ അവസരമൊരുക്കി എന്ന ആരോപണത്തിന് പിന്നാലെയാണ് കാളിരാജ് മഹേഷ് കുമാറിന്റെ സ്ഥലമാറ്റം.
കോഴിക്കോട് സിറ്റിയില്‍ ആക്രമണമുണ്ടാവുമെന്നും ജാഗ്രതപാലിക്കണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടായിട്ടും വേണ്ടത്ര ജാഗ്രതപുലര്‍ത്താന്‍ കമ്മീഷണര്‍ തയാറായിരുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു.
കമ്മീഷണറുടെ നടപടിയിൽ സേനാവിഭാഗങ്ങൾക്കിടയിൽ അമർഷം ഉയർന്നിരുന്നു. സെഡ് കാറ്റഗറി സ ുരക്ഷയുള്ള കാളി രാജ് മഹേഷ് കുമാറിനെതിരേ നേരത്തെ തന്നെ രാഷ്ട്രീയക്കാരും മറ്റും രംഗത്ത് വന്നിട്ടുണ്ടായിരുന്നു. ഇതിനു മുന്‍പ് കോഴിക്കോട് സിറ്റി കമ്മീഷണർമാരായി ചാർജെടുത്ത മറ്റാർക്കുമില്ലാത്ത സുരക്ഷാ സംവിധാനം കാളിരാജ് മഹേഷ്കുമാറിനൊരുക്കിയതിൽ സേനാംഗങ്ങൾക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ടായിരുന്നു.
പോലീസ് ആസ്ഥാനത്തേക്കാണ് കാളിരാജ് മഹേഷ്കുമാറിനെ സ്ഥലം മാറ്റിയത്. പോലീസ് ആസ്ഥാനത്തെ ഡിഐജിയായിരുന്നു കോറി സഞ്ജയ്കുമാര്‍ ഗുരുഡിൻ.
മുംബൈയില്‍നിന്ന് ബിടെക് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം നേടിയ സഞ്ജയ്കുമാര്‍ ഡല്‍ഹി മെട്രോയുടെ ആദ്യ എന്‍ജിനിയറിംഗ് സംഘത്തിലെ അംഗമായിരുന്നു. 2005ല്‍ ഐപിഎസ് നേടി.
കൊല്ലം എഎസ്പി ആയിട്ടാണ് ആദ്യനിയമനം. കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ്്, കണ്ണൂര്‍ ജില്ലകളില്‍ പോലീസ് മേധാവിയായി. കെഎപി നാലാം ബറ്റാലിയന് കമാന്‍ഡറുമായിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സിയില്‍ ആറ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള പോലീസ് സൂപ്രണ്ടായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്റെ തീവ്രവാദ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണചുമതലയും ഇദ്ദേഹത്തിനായിരുന്നു.