തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേയും എൻആർസിക്കെതിരേയുമുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം. വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടയുകയും ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു.
തിരുവനന്തപുരം- മൂന്നാർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന മിന്നൽ ബസിനു നേരെ കല്ലേറുണ്ടായി. മട്ടന്നൂർ നരയമ്പാറയിലും ആലപ്പുഴയിലും ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞു. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയ ശേഷം താക്കോൽ ഊരിക്കൊണ്ടു പോയി.
തൊടുപുഴയ്ക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസിന്റെ താക്കോലാണ് ഹർത്താൽ അനുകൂലികൾ ഊരിക്കൊണ്ട് പോയത്. ഹൈക്കോടതി നിർദേശത്തിനു വിരുദ്ധമായാണ് ഹർത്താൽ ആഹ്വാനം ചെയ്തതെന്നും അത് പിൻവലിക്കണമെന്നും നേരത്തെ, സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. ഹർത്താൽ അനുകൂലികൾ ഇതിന് തയാറാകാതിരുന്നതോടെ യാതൊരു വിധ അക്രമ ശ്രമങ്ങളും അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നതുമാണ്. വാഹനങ്ങൾ തടയരുതെന്നും കർശന നിർദേശം നൽകിയിരുന്നു.