ഹർത്താൽ അനുകൂലികൾ ഉച്ചയോടെ പിൻവാങ്ങി; കെഎസ്ആർടിസി സർവീസുകൾ ഓടിത്തുടങ്ങി; ഹർത്താൽ സമാധാനപരം

കോട്ടയം: ഉച്ചയോടെ ഹർത്താൽ അനുകൂലികൾ പിൻവാങ്ങിയതോടെ കെഎസ്ആർടിസി സാധാരണ നിലയിൽ പല ഡിപ്പോകളിലും സർവീസ് തുടങ്ങി. പോലീസ് അകന്പടിയോടെയാണ് ബസുകൾ പോകുന്നതെങ്കിലും ഹർത്താൽ അനുകൂലികൾ പിൻവാങ്ങിയതിനാൽ അനിഷ്ട സംഭവങ്ങളൊന്നും ഇല്ല. എന്നാൽ ബസിൽ യാത്രക്കാർ വളരെ കുറവാണ്. രാവിലെ കെഎസ്ആർടിസി സർവീസുകൾ നടത്താതിരുന്നതോടെ പലരും യാത്രകൾ മാറ്റിവച്ച് മടങ്ങിയിരുന്നു.

ഹർത്താലിനെ തുടർന്ന് പലയിടത്തും വിവിധ ദളിത് സംഘടനാ പ്രവർത്തകർ വാഹനം തടഞ്ഞിരുന്നു. ചിലയിടത്ത് ഒറ്റപ്പെട്ട അക്രമങ്ങളും ഉണ്ടായി. തൃശൂരും കൊല്ലത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കൊച്ചിയിൽ വാഹനം തടയാൻ ശ്രമിച്ചതിന് ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പടെ നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാനത്തുടനീളം കടകന്പോളങ്ങൾ എല്ലാം അടഞ്ഞുകിടക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തിരുന്നെങ്കിലും ഫലവത്തായില്ല. ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ എല്ലാം അടഞ്ഞതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഹാജർ നില കുറവായിരുന്നു. ബാങ്കുകളുടെ പ്രവർത്തനവും താറുമാറായി.

ഒറ്റപ്പെട്ട അക്രമങ്ങൾ ഒഴിച്ചാൽ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമായിരുന്നു. പ്രധാന സ്ഥലങ്ങളിലും നഗരങ്ങളിലുമെല്ലാം പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. രാവിലെ മുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയതിനാൽ അവശ്യ സർവീസുകളൊന്നും തടസപ്പെട്ടില്ല. റെയിൽവേ സ്റ്റേഷനിൽ എത്തി കുടുങ്ങിയവരെ പോലീസ് തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്തു.

Related posts