മലപ്പുറം/കണ്ണർ: സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഹർത്താലിന്റെ പേരിൽ മലപ്പുറത്തെ തിരൂരിലും കണ്ണൂരിലും സംഘർഷം. ഹർത്താൽ അനുകൂലികൾ എന്ന വ്യാജേന തെരുവിലിറങ്ങിയ ഒരുകൂട്ടം ആളുകൾ വ്യാപാര സ്ഥാപനങ്ങൾ ബലമായി അടപ്പിച്ചു. തിരൂരിലും കണ്ണൂരിലും ഹർത്താൽ അനുകൂലികൾ പ്രകടനവും നടത്തി.
പ്രകടനമായി എത്തിയവർ വാഹന ഗതാഗതവും തടയാൻ ശ്രമിച്ചു. കടകൾ അടപ്പിക്കുന്നത് വ്യാപാരികൾ കൂട്ടമായി തടഞ്ഞതോടെയാണ് സ്ഥലത്ത് ഉന്തു തള്ളുമുണ്ടായത്. വ്യാജ ഹർത്താൽ ആയിരുന്നതിനാൽ പോലീസും മുൻ കരുതലുകളൊന്നും സ്വീകരിച്ചിരുന്നില്ല.
പുലർച്ചെ ഹർത്താൽ എന്ന പേരിൽ ഒരുസംഘം മലപ്പുറത്തെ വള്ളുവന്പ്രത്തും കാസർഗോഡ് ജില്ലയിലെ ചില സ്ഥലങ്ങളിലും വാഹനങ്ങൾ തടഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് തിങ്കളാഴ്ച ഹർത്താൽ എന്ന പേരിൽ നവമാധ്യമങ്ങൾ വഴി പ്രചരണം നടന്നത്. ആര്, എന്ത് കാര്യത്തിന് ഹർത്താൽ പ്രഖ്യാപിച്ചുവെന്ന് പോലും രേഖപ്പെടുത്താത്ത സന്ദേശങ്ങളായിരുന്നു സോഷ്യൽമീഡിയയിൽ എത്തിയത്.