വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുതിരാൻ ഉൾപ്പെടുന്ന തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലും ദേശീയപാതയിലും നടക്കുന്ന ഹർത്താൽ വടക്കഞ്ചേരി മേഖലയേയും ബാധിച്ചു.പാലക്കാടുനിന്നുള്ള ബസുകൾ വടക്കഞ്ചേരിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്നതിനാൽ നൂറുക്കണക്കിന് യാത്രക്കാർ വഴിയിൽ കുടുങ്ങി.
സ്കൂളുകളിൽ കുട്ടികളുടെയും അധ്യാപകരുടെയും ഹാജർകുറവായിരുന്നു. മറ്റു ഓഫീസുകളിൽ എത്തേണ്ടവരും ബുദ്ധിമുട്ടി.ഏതാനും കഐസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ഇതിനാൽ കഐസ്ആർടിസിയിൽ രാവിലെ യാത്രക്കാരുടെ നല്ല തിരക്കുണ്ടായി.
തൃശൂർ, പാലക്കാട്, തൃശൂർ ഗോവിന്ദാപുരം, തൃശൂർ കൊഴിഞ്ഞന്പാറ തുടങ്ങിയ കിഴക്കൻമേഖല റൂട്ടുകളിലായി സ്വകാര്യ ബസുകൾ മാത്രം 250 എണ്ണം വരും. ഇതു കൂടാതെ എണ്‍പതോളം കെ.എസ്.ആർ.ടി.സി ബസുകളും തമിഴ്നാട്ടിൽനിന്നുള്ള നാല്പതോളം ബസുകളും ഈ റൂട്ടുകളിലൂടെയുണ്ട്. ഇത്രയും ബസുകളുടെ സർവീസുകൾ മുടങ്ങിയത് മറ്റു ജില്ലക്കാർക്കൊപ്പം പാലക്കാട് ജില്ലക്കാരേയും ബുദ്ധിമുട്ടിലാക്കി.
ഹർത്താലിന് ബസുടമകളും പിന്തുന്ന നല്‍കിയിട്ടുണ്ടെന്ന് ബസുടമ നേതാവ് ജോസ് കുഴുപ്പിൽ അറിയിച്ചു. കുഴിനിറഞ്ഞതും പാത നിർമാണ അപാകതകളുംമൂലം കളക്ഷനേക്കാൾ കൂടുതൽ പണം ബസിന്റ റിപ്പയറിംഗിനായി വേണ്ടിവരുന്നു.മഴയ്ക്കുമുന്‍പു കൊന്പഴമുതൽ വഴുക്കുംപാറ വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൂരം ടാറിംഗ് നടത്തി വാഹനഗതാഗതത്തിന് സജ്ജമാക്കണമെന്ന് കത്ത് മുഖേന ബന്ധപ്പെട്ടവരെയെല്ലാം അറിയിച്ചിരുന്നെങ്കിലും ആരും നടപടി എടുത്തില്ല.
അതിന്റെ പരിണിത ഫലമാണ് കുതിരാനിലെ ഇപ്പോഴത്തെ വാഹനകുരുക്കിനും റോഡപകടങ്ങൾക്കും കാരണമാകുന്നതെന്നും ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.