പാലക്കാട് : ഹർത്താൽ, പ്രതിഷേധ സമരങ്ങൾക്കിടെ മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ അക്രമസംഭവങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് ചീഫിന് പരാതി നല്കി.
ഇന്നലെ ഹർത്താൽ ദിവസവും ബുധനാഴ്ച്ചയും മാധ്യമപ്രവർത്തകർ അക്രമത്തിന് ഇരയായിരുന്നു. ഇന്നലെ കോളജ് റോഡിലുണ്ടായ ആക്രമണത്തിൽ ന്യൂസ് 18 ചാനൽ ചീഫ് റിപ്പോർട്ടറും പത്ര പ്രവർത്തക യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമായ പ്രസാദ് ഉടുന്പിശേരിയുടെ മുഖത്തു കല്ലേറിൽ സാരമായി പരിക്കേറ്റു.
ബുധനാഴ്ച്ച വൈകുന്നേരം മൂന്നു മണിക്കു ശേഷം കെ.എസ്.ഇ ബി ഇൻസ്പെക്ഷൻ ബംഗ്ലാവിനു മുന്നിലുണ്ടായ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ ഡോ.ജി.പ്രസാദ് കുമാർ, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ ശ്രീധരൻ കുറിയേടത്ത് , ജനം ടിവി ക്യാമറാമാൻ സി. വിനു എന്നിവർക്കു പരുക്കേൽക്കുകയും മലയാള മനോരമ ഫോട്ടോഗ്രാഫർ ജിൻസ് മൈക്കിൾ, ദേശാഭിമാനി ഫോട്ടോഗ്രാഫർ സുജിത് എന്നിവർക്കു മർദനമേൽക്കുകയുമുണ്ടായി.
മാതൃഭൂമി ഫോട്ടോഗ്രാഫർ അഖിലിന്റെ ക്യാമറ പിടിച്ചു വലിച്ചു നശിപ്പിക്കാനും ശ്രമമുണ്ടായി.അക്രമികളെ കണ്ടെത്തി കർശന നിയമ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് ചീഫിനോടു ആവശ്യപ്പെട്ടു.