ഇരിട്ടി: ഹര്‍ത്താല്‍ ആഹ്വാനവും സംഘര്‍ഷവും ഉണ്ടായതിനെ തുടര്‍ന്ന് ഇരിട്ടി എസ്ഐക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് പ്രതികള്‍ക്കായി റെയ്ഡ് തുടങ്ങി. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു. മുപ്പത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കാശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നവ മാധ്യമങ്ങളിലൂടെ ഇന്നലെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരും പോലീസും തമ്മില്‍ ഇരിട്ടിയിലുണ്ടായ സംഘര്‍ഷത്തിലാണ് ഇരിട്ടി എസ്ഐ പി.സി സജ്ഞയ്കുമാറിന് ഇന്നലെ പരിക്കേറ്റത്.
ബലമായി കടപൂട്ടിക്കാന്‍ ശ്രമിച്ച അഞ്ച് ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്തയാളെ പോലീസ് വാഹനത്തിലേക്ക് കയറ്റുന്നത് തടഞ്ഞതോടെയാണ് പോലീസും ഹര്‍ത്താലനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, ഇന്‍സ്പെക്ടര്‍ എം.ആര് ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികള്‍ക്കായി റെയ്ഡ് നടത്തുന്നത്.
ഇരിട്ടി ടൗണില്‍ ഉള്‍പെടെ പോലീസ് പിക്കറ്റിംഗും പട്രോളിംഗും ഇന്നലെ രാത്രി മുതല്‍ ഏര്‍പെടുത്തിയിരുന്നു. സ്ട്രൈക്കിംഗ് ഫോഴ്സിനെയും ഇരിട്ടിയില്‍ വിന്യസിച്ചിട്ടുണ്ട്.