പിറവം: പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പിറവത്ത് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് പിറവത്ത് സംഘര്‍ഷമുണ്ടായത്. ആശുപത്രിക്കവലയ്ക്ക് സമീപമുള്ള ടൂ വീലര്‍ വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്തിരുന്ന ആര്‍എസ്എസ് മുന്‍ കാര്യവാഹക് വിനോദിനെ നാലംഗ സംഘം മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇരുമ്പ് ദണ്ഡും, പട്ടികക്കഷ്ണങ്ങളുമായി മര്‍ദിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. കൈകളും കാലുമൊടിഞ്ഞ വിനോദിനെ പിറവം ജെഎംപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പോലീസ് പിന്‍വാങ്ങിയ ശേഷം സ്ഥലത്ത് ഡിവൈഎഫ്ഐ ശ്രമദാനമായി നിര്‍മിച്ചിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അജ്ഞാതര്‍ തകര്‍ത്തു. ഇതിന്റെ മേല്‍ക്കൂരയടക്കം റോഡിലേക്ക് വീണതിനാല്‍ രാത്രിയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു.