തിരുവനന്തപുരം: ഹർത്താൽ, പ്രകടനം, ആഘോഷങ്ങൾ തുടങ്ങിയവയുടെ പേരിൽ സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ ഇനി തടവുശിക്ഷ അനുഭവിക്കേണ്ടിവരും. മാത്രമല്ല, തക്ക പരിഹാരവും കൊടുക്കണം. ഇക്കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും ബിൽ നിയമസഭ പാസാക്കി.
തീ, സ്ഫോടകവസ്തു തുടങ്ങിയവ ഉപയോഗിച്ച് ആക്രമണം നടത്തിയാൽ കുറഞ്ഞത് അഞ്ചു വർഷം കഠിനതടവ് എന്നത് ഒരു വർഷമാക്കി കുറവ് ചെയ്തുകൊണ്ടുള്ള ഭേദഗതിയോടെയാണു ബിൽ പാസാക്കിയത്. കൂടിയ ശിക്ഷ പത്തു വർഷമാണ്. ജാമ്യം ലഭിക്കാത്ത കേസാകും രജിസ്റ്റർ ചെയ്യുക. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ബാലനാണു ബിൽ അവതരിപ്പിച്ചത്.
ഇത്തരമൊരു നിയമം ചരിത്രപരമായ ആവശ്യമാണെന്നു ബില്ലിൽ നടന്ന ചർച്ചയിൽ മന്ത്രി പറഞ്ഞു. പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ നഷ്ടപരിഹാരം ഈടാക്കാൻ നിലവിൽ നിയമമുണ്ട്. ഇതിനു സമാനമായാണു പുതിയ നിയമം.
സ്വത്തോ പണമോ നൽകി ജാമ്യാപേക്ഷ നൽകിയാൽ പ്രോസിക്യൂഷനു ജാമ്യാപേക്ഷയെ എതിർക്കാൻ അവസരം നൽകണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. കോടതി വിധിക്കുന്ന നഷ്ടപരിഹാരം ഈടാക്കാൻ റവന്യൂ റിക്കവറി നടപ്പാക്കാം. ആക്രമണം നടത്തുന്നതു വീഡിയോയിൽ പകർത്താൻ പോലീസിന് അധികാരമുണ്ടെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.