സ്വന്തം ലേഖകൻ
കോഴിക്കോട്: തുടർച്ചയായി വന്ന ഹർത്താലുകളിൽ നട്ടംതിരിഞ്ഞ് ഉത്സവ സീസണുകൾ വെള്ളത്തിലായതോടെ ശക്തമായ പ്രതിഷേധവുമായി വ്യാപാരികൾ. റംസാൻ വിപണിയിൽ പ്രതീക്ഷ അർപ്പിച്ച വ്യാപാരികൾക്കാണ് കഴിഞ്ഞ ദിനങ്ങൾ എറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. കോഴിക്കോട് മിഠായിത്തെരുവ് നവീകരണം റംസാൻ തിരക്കിനു മുന്‍പ് തീരുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ. ഹർത്താൽദിനത്തിൽ പ്രവൃത്തികൾ നടക്കാതായതോടെ നവീകരണം ഇനിയും നീളും.
നിലവിൽ റംസാൻ തിരക്കേറിവന്നിരുന്ന സാഹചര്യത്തിലാണ് തുടർച്ചയായ ഹർത്താൽ ദിനങ്ങൾ എത്തിയത്. മത്സ്യ-മാംസവിപണിയെയും ഹർത്താൽ ബാധിച്ചു. പുതിയങ്ങാടിയിൽ രണ്ടുദിവസം കടകൾ തുറന്നു പ്രവർത്തിക്കാത്തത് വലിയ വ്യാപാര നഷ്ടമാണ് ഉണ്ടാക്കിയത്. ഗ്രാമപ്രദേശങ്ങളിൽ മത്സ്യവിൽപ്പന ഭാഗികമായി നിലച്ചു. ഇഫ്താർ സംഗമങ്ങളെയും ഹർത്താൽ ബാധിച്ചുവെന്ന് വ്യാപാരികൾ പറയുന്നു.
സാധാരണ ഒരു കണ്ടെയ്നർ (27 ടണ്‍) ഇറക്കാൻ 2197 രൂപയാണ് വലിയങ്ങാടിയിൽ നൽകേണ്ടത്. എന്നാൽ ഹർത്താൽ ദിനങ്ങൾ കഴിഞ്ഞ ഇന്നലെ അധികമായി ആയിരം രൂപ നൽകേണ്ടിവന്നുവെന്ന് വ്യാപാരികൾ പറയുന്നു. കടകളടച്ച് ഹർത്താൽ നടത്തുന്നതിനോട് വ്യാപാരികൾക്ക് യോജിപ്പില്ല. ഭയം കൊണ്ടാണ് കടകളടയ്ക്കുന്നത്. രണ്ടുദിവസം കടകളടച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
ശരാശരി നൂറുലോറികൾ ദിനം പ്രതി എത്തുന്ന വലിയങ്ങാടിയിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന ഹർത്താലുകൾക്ക് മുൻകൂട്ടി നോട്ടീസ് നൽകണമെന്നും ഇല്ലെങ്കിൽ വ്യാപാരികൾ ഹർത്താലുമായി നിസ്സഹകരിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ധീൻ കഴിഞ്ഞദിവസം അറിയിച്ചുകഴിഞ്ഞു.
പെട്ടെന്നുള്ള ഹർത്താലുകൾ വ്യാപാരികൾക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. ഹർത്താലുകൾ ജനാധിപത്യ വിരുദ്ധവും ശുദ്ധ തോന്ന്യാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ടീസ് നൽകാത്ത ഹർത്താലുകളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനം അറിയിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും വ്യാപാരി ഭാരവാഹികൾ കണ്ട് ചർച്ച നടത്തും. ഇക്കാര്യത്തിൽ വ്യാപാരികൾക്കിടയിൽ ബോധവത്ക്കരണം നടത്തുന്നതിനായി എല്ലാ ജില്ലകളിലും സംഘടനയുടെ ജില്ലാ കൗണ്‍സിലുകൾ വിളിച്ചുചേർക്കും.
വ്യാപാരികളുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകിയാൽ കടകൾ ഹർത്താൽ ദിവസം തുറന്നുപ്രവർത്തിക്കാൻ തയ്യാറാണ്. രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ നടത്തുന്പോൾ വ്യാപാരികൾക്ക് മാത്രമാണ് നഷ്ടമുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ഹർത്താലിനെതിരെ ശക്തമായി പ്രചരണം നടത്താനാണ് ഏകോപന സമിതിയുടെ തീരുമാനം.
പെട്ടെന്നുള്ള ഹർത്താലുകൾ പ്രഖ്യാപിച്ച് വ്യാപാരികളുടെ തൊഴിലിന് തടസം നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ അതിന്റെ പ്രത്യാഘാതവും നേരിടേണ്ടി വരും. തെരഞ്ഞെടുപ്പികളിലടക്കം വ്യാപാരികളുടെ പ്രതിഷേധം പ്രതിഫലിക്കും.വ്യാപാരികൾക്ക് സ്വതന്ത്രമായി കച്ചവടം ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം, വ്യാപാരികൾ ഹർത്താലിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഹർത്താൽ ദിനത്തിൽ കടകൾ എങ്ങിനെ തുറക്കാം എന്ന കാര്യത്തിൽ വിവിധ സംഘടനകൾക്കിടയിൽ തന്നെ സജീവ ചർച്ചയുണ്ടായിട്ടുണ്ട്.