റാന്നി: ആദിവാസി യുവാവിന്റ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് റാന്നി നിയോജക മണ്ഡലത്തിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. അടിച്ചപുഴ തേക്കുംമൂട്ടിൽ പരേതനായ ബാലന്റെ മകൻ ബാലു (19) ആണ് ഇന്നലെ രാവിലെ ഏഴരയോടെ ജണ്ടായിക്കൽ – അത്തിക്കയം റോഡിൽ നിറപ്പുപാറ ജംഗ്ക്ഷനു സമീപം ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരീരത്തിൽ മുറിവുകളും ചതവുകളും ഉള്ളതിനാൽ മരണത്തിൽ സംശയമുള്ളതായി ബന്ധുക്കൾ പറയുന്നു. സ്വകാര്യ ബസിലെ ക്ലീനറായിരുന്നു ബാലു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ അടിപിട നടന്നെന്നും ശേഷം രാത്രിയോടെ രണ്ടുപേരെ സംശയാസ്പഥമായ സാഹചര്യത്തിൽ കണ്ടിരുന്നതായും മരണപ്പെട്ട ബാലുവിന്റെ സഹോദരൻ ലാലു പറയുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടന്നാൽ മാത്രമെ മരണം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല.