ചെങ്ങന്നൂർ: പാണ്ടനാട്ടിൽ ഹർത്താൽ ദിനം നടന്ന സംഭവങ്ങളുടെ പേരിൽ പോലീസ് പക്ഷപാതം കാണിക്കുന്നെന്ന് ആർ എസ്എസ് പ്രവർത്തകരുടെ അമ്മമാർ പത്രസമ്മേളനത്തിൽ ആരോപിച്ചു.പോലീസിന്റെ പ്രതിപ്പട്ടികയിൽ പേരുള്ള ആർഎസ്എസ് പ്രവർത്തകരുടെ അമ്മമാരാണ് പത്രസമ്മേളനം നടത്തിയത്. സിപിഎം- ആർഎസ്എസ് സംഘർഷം നടന്നെന്ന് പറയുന്ന പാണ്ടനാട്ടിൽ പോലീസ് ആർഎസ്എസ് പ്രവർത്തകർക്കു നേരേ മാത്രമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.
സിപിഎം പ്രവർത്തകർക്കുനേരേ കേസെടുക്കുകയോ അവരെ പിടികൂടുകയോ ചെയ്തിട്ടില്ല. വീട്ടിൽ നിന്നാണ് പലരേയും പിടിച്ചു കൊണ്ടു പോയിരിക്കുന്നത്. കൊലപാതക ശ്രമം ഉൾപ്പടെ കടുത്ത ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇവരെ ദ്രോഹിക്കുകയാണ് പോലീസ്.
സംഘർഷം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സിപിഎം പ്രവർത്തകർ തങ്ങളുടെ വീടുകളിലെത്തി പലതവണ ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ല. പോലീസിന്റെ ഗുണ്ടാലിസ്റ്റിൽപ്പെട്ടവരുമാണ് ഭീഷണിയുമായ് എത്തുന്നതെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ പോലും സിപിഎം പ്രവർത്തകരെ പിടിക്കാൻ പോലീസ് മടിക്കുകയാണെന്നും ഇവർ ആരോപിച്ചു.
പോലീസിന്റെ നിലപാടിനെതിരേ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആശ.വി. നായർ, ശ്രീദേവി, ജയശ്രീ, ചന്ദ്രമതിയമ്മ, ശ്യാമളാ രാമചന്ദ്രൻ, ജയവിനോദ് എന്നിവർ പറഞ്ഞു.