മലപ്പുറം: കാഷ്മീരിലെ കഠുവയിൽ എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊല ചെയ്ത സംഭവവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയ വഴി ഹർത്താലിനു ആഹ്വാനം ചെയ്തതു സംഘടിതമായതും സമാധാനപരവും ഒറ്റക്കെട്ടായതുമായ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള നീക്കമാണെന്നും ഇന്നത്തെ ഹർത്താലുമായി മുസ്ലിംലീഗിനു ഒരു ബന്ധവുമില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജറൽ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.
സമാധാനപരമായ സമരങ്ങളിലൂടെയും നിയമപോരാട്ടത്തിലൂടെയും ബാലികയ്ക്കു നീതി ലഭ്യമാക്കാൻ മുസ്ലിംലീഗ് പാർട്ടി മുന്നിലുണ്ടാകും. ഇന്നത്തെ ഹർത്താലിനു മുസ്ലിംലീഗിന്റെ പിന്തുണ ഉണ്ടെന്നതു വ്യാജവാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. പിഞ്ചുകുഞ്ഞിനെ
കൊന്നുതള്ളിയ സംഭവത്തിൽ രാജ്യം ഒറ്റക്കെട്ടായും സമാധാനപരമായും പ്രതിഷേധിച്ചപ്പോൾ മുസ്ലിംലീഗും മുന്നിൽ തന്നെ നിന്നു. കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിച്ച രണ്ടു മന്ത്രിമാർ രാജിവച്ചതും സുപ്രീംകോടതി ശക്തമായി ഇടപെട്ടതും ജനകീയ മുന്നേറ്റങ്ങളുടെ ഫലമാണ്.
സംസ്ഥാന വ്യാപകമായി മുസ്ലിംലീഗ് നടത്തിയ പ്രതിഷേധങ്ങളും ശ്രദ്ധേയമായിരുന്നു. ആ കുടുംബത്തിനു നീതി ഉറപ്പാക്കാൻ നിയമ സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുസ്ലിംലീഗ് ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.