കോട്ടയം: ശബരിമലയിൽ യുവതീ പ്രവേശനം വഴി ആചാരം ലംഘിക്കപ്പെട്ടുവെന്നാരോപിച്ച് ശബരിമല കർമസമിതി പ്രഖ്യാപിച്ച ഹർത്താലിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമം.
ഹർത്താൽ അനുകൂലികൾ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഗതാഗതം തടസപ്പെടുത്തി. പത്തനാപുരത്തും കൊട്ടരക്കരയിലും ഗതാഗതം പൂർണായി തടസപ്പെട്ടു. റോഡിൽ തടികൾ കൂട്ടിയിടുകയും ടയറുകൾ കത്തിച്ചുമാണ് ഗതാഗതം തടസപ്പെടുത്തിയത്. വാഹനങ്ങൾ തടഞ്ഞത് പലയിടങ്ങളിലും ശബരിമല തീർഥാടകരെയും ബാധിച്ചിട്ടുണ്ട്.
കണ്ണൂർ, പയ്യന്നൂർ, എടാട്ട്, പെരുന്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി. കല്ലേറിൽ കെഎസ്ആർടിസി ബസുകളുടെ ചില്ല് തകർന്നിട്ടുണ്ട്. എരുമേലിയിൽ തുറന്ന കടകൾ ശബരിമല കർമസമിതി അംഗങ്ങൾ എത്തി ബലമായി അടപ്പിച്ചു.
സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് തീയിട്ടു
മലപ്പുറം: തവനൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് തീയിട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് അജ്ഞാത സംഘം ഓഫീസിന് തീയിട്ടത്. ഓഫീസിലെ ഫർണിച്ചറുകളും ജനലുകളും കത്തിനശിച്ചു.
ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് സംഭവം. ഹർത്താൽ അനുകൂലികളാണ് ഓഫീസിന് തീയിട്ടതെന്ന് സിപിഎം ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.