തിരുവനന്തപുരം: കാഷ്മീരിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചു സകമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ സംസ്ഥാനത്തു പല ഭാഗങ്ങളിലും അക്രമസംഭവങ്ങൾ അരങ്ങേറി. കെഎസ്ആര്‍ടിസി ബസുകൾ തടയുകയും കടകന്പോളങ്ങൾ ബലമായി അടപ്പിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾ കല്ലേറു നടത്തി.
അക്രമങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു 150ൽ പരം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. നൂറോളം പേർ മലപ്പുറത്തുനിന്നുമാണ് അറസ്റ്റിലായത്. പാലക്കാട്ട് 23 പേരെയും കണ്ണൂരിൽ 20 പേരെയും കോഴിക്കോട്ട് അഞ്ചു പേരെയും തിരുവനന്തപുരത്തു പത്തു പേരെയുമാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിൽ നഗരത്തിൽ പാളയം, ചാല, നെടുമങ്ങാട്, ബാലരാമപുരം, വിതുര, കാട്ടാക്കട, ആര്യനാട് എന്നിവിടങ്ങളിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്.
കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കാസർഗോഡ്, കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ ബലമായി കടകൾ അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. പല സ്ഥലങ്ങളിലും കെഎസ്ആര്‍ടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായതിനേത്തുടർന്ന് ബസുകൾ സർവീസ് താൽക്കാലികമായി നിർത്തിവച്ചു.
മലബാർ മേഖലയിലാണ് കൂടുതൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ദേശീയപാതയിൽ ഗതാഗതതടസം സൃഷ്ടിച്ച ഹർത്താൽ അനുകൂലികൾ കടകൾ ബലമായി അടപ്പിക്കാൻ ശ്രമിച്ചു. ഇതിനെ വ്യാപാരികൾ ചോദ്യം ചെയ്തതോടെയാണ് സംഘർഷത്തിലേക്ക് കടന്നത്.