തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്നലെ ചിലർ നടത്തിയ ഹർത്താൽ ആഹ്വാനത്തെ തുടർന്ന് പൊതുമുതൽ നശീകരണവും അതിക്രമവും നടത്തിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
വടക്കൻജില്ലകളിലാണ് ഹർത്താലുമായി ബന്ധപ്പെട്ട് വാഹന ഗതാഗതം തടസ്സപ്പെടുത്തലും അതിക്രമങ്ങളും കൂടുതലായുണ്ട ായത്. അതിക്രമങ്ങളിൽ മുപ്പതോളം പോലീസുകാർക്കും കെ.എസ്.ആർ.ടി.സി. ജീവനക്കാരും മറ്റുള്ളവരുമുൾപ്പെടെ നിരവധിപേർക്കും പരിക്കു പറ്റുകയും നിരവധി വാഹനങ്ങൾക്കും വസ്തുവകകൾക്കും നാശനഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി ഇരുനൂറ്റിയന്പതിലെറെ പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമം തടയുന്നതിനുള്ള മറ്റു മുൻകരുതലുകൾ നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട ്.
പ്രത്യേകിച്ച് ആരുടെയും പേരിലല്ലാതെ സാമൂഹികമാധ്യമങ്ങളെ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ നടത്തുന്ന ഇത്തരം ആഹ്വാനങ്ങൾ സാമൂഹികവിരുദ്ധശക്തികൾ മുതലെടുക്കുന്ന സാഹചര്യമുള്ളതിനാൽ അതു സംബന്ധിച്ച് അന്വേഷണം നടത്തും.
ഭാവിയിൽ മുന്നറിയിപ്പില്ലാതെയുള്ള ഇത്തരം ആഹ്വാനങ്ങളുടെ ഭാഗമായുള്ള അതിക്രമങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന് നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.