തിരുവല്ല: കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ തടഞ്ഞ് ഹർത്താൽ അനുകൂലികൾ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം.
ഉച്ചയ്ക്ക് 12.30 ന് മല്ലപ്പള്ളി ടൗണിലാണ് എഴുമറ്റൂർ സ്വദേശി അരുണിനെയും കുടുംബത്തേയും എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞത്. കൈക്കുഞ്ഞുമായി കാറിൽ അരുണും ഭാര്യയും തെങ്ങണയിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു. വഴിതടഞ്ഞതോടെ ഇവർക്ക് പതിനഞ്ച് മിനിറ്റോളം വഴിയിൽ കിടക്കേണ്ടിവന്നു. പോലീസ് എത്തിയാണ് എസ്ഡിപിഐ പ്രവർത്തകരെ മാറ്റി കാർ കടത്തിവിട്ടത്.
രാവിലെ വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടയുകയും ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. തിരുവ നന്തപുരം- മൂന്നാർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന മിന്നൽ ബസിനു നേരെ കല്ലേറുണ്ടായി. മട്ടന്നൂർ നരയമ്പാറയിലും ആലപ്പുഴയിലും ഹർത്താൽ അ നുകൂലികൾ ബസ് തടഞ്ഞു. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയ ശേഷം താക്കോൽ ഊരിക്കൊണ്ടു പോയി. തൊടുപുഴയ്ക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസിന്റെ താക്കോലാണ് ഹർത്താൽ അനുകൂലികൾ ഊരിക്കൊണ്ട് പോയത്.
ഹൈക്കോടതി നിർദേശത്തിനു വിരുദ്ധമായാണ് ഹർത്താൽ ആഹ്വാനം ചെയ്തതെന്നും അത് പിൻവലിക്കണമെന്നും നേരത്തെ, സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. ഹർത്താൽ അനുകൂലികൾ ഇതിന് തയാറാകാതിരുന്നതോടെ യാതൊരു വിധ അക്രമ ശ്രമങ്ങളും അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാ ക്കിയിരുന്നതുമാണ്. വാഹനങ്ങൾ തടയരുതെന്നും കർശന നിർദേശം നൽകിയിരുന്നു.