വാഴക്കുളം: ദേശീയ പണിമുടക്ക് ദിനങ്ങളിൽ ഹർത്താൽ വിരുദ്ധ നീക്കം പൊതുസമൂഹത്തിൽനിന്ന് ഉണ്ടായതു സ്വാഗതാർഹമെന്ന് വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ. വാഴക്കുളത്ത് ദേശീയ പണിമുടക്ക് ദിവസങ്ങളിൽ കടകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുകയും വാഹനങ്ങൾ തടസമില്ലാതെ ഓടുകയും ചെയ്തു.
കഴിഞ്ഞ ഏപ്രിൽ 16ന് വാട്ട്സാപ്പ് ഹർത്താലിന്റെ പേരിൽ വാഴക്കുളത്ത് കടകൾ അടപ്പിക്കാൻ എത്തിയ അക്രമികളെ നേരിട്ടുകൊണ്ടാണ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹർത്താൽ വിരുദ്ധ നീക്കത്തിന് തുടക്കംകുറിച്ചത്. തുടർന്ന് ഹർത്താലുകൾക്കെതിരേ ഒപ്പുശേഖരണവും വിപുലമായ കാന്പയിനുകളും നടത്തിയിരുന്നു.
മുന്നറിയിപ്പില്ലാതെ നടത്തുന്ന ഹർത്താലുകളോട് സഹകരിക്കില്ലെന്നും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മുൻകൂട്ടി അറിയിച്ച് നടത്തുന്ന ഹർത്താലുകളിൽ രാവിലെ ഒന്പതു മുതൽ 11 വരെ കടകളടച്ചിട്ട് സഹകരിക്കുമെന്നുമാണ് വ്യാപാരികളുടെ തീരുമാനം.
പൈനാപ്പിൾ മേഖലയായ വാഴക്കുളത്ത് ഓരോ ഹർത്താലും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കും വ്യാപാരികൾക്കും ഉണ്ടാക്കുന്നത്. തുടരെയുള്ള ഹർത്താലുകൾമൂലം വാഴക്കുളത്തെ പൈനാപ്പിൾ വിപണിക്ക് ചുരുങ്ങിയത് 50 കോടിയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്നു മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് വർഗീസ് പറഞ്ഞു.
ഹർത്താൽ സംബന്ധിച്ചുള്ള കോടതി വിധിയും ഗവൺമെന്റ് ഓർഡിനൻസും പൊതുസമൂഹത്തിന് നേട്ടമാകുമെന്നു യോഗം വിലയിരുത്തി. മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു.