കോഴിക്കോട്: സംസ്ഥാനത്തെ വ്യാപാരികൾ വീണ്ടും സമര മുഖത്തേക്ക്. ജിഎസ്ടിയിലെ അപാകത പരിഹരിക്കുക, വാടക-കുടിയാൻ നിയമം പരിഷ്കരിക്കുക, റോഡ് നവീകരണത്തിന്റെ ഭാഗമായി കടകൾ ഒഴുപ്പിക്കുന്പോൾ ജോലി നഷ്ടമാകുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പ് വരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് കടകളടച്ച് പ്രതിഷേധിക്കുന്നത്.
സംസ്ഥാന വ്യാപകമായി 24 മണിക്കൂർ കടയടപ്പ് സമരം നടത്താനാണ് കോഴിക്കോട് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനിച്ചത്. അന്നേദിവസം സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ നടത്തും. പണിമുടക്കിന് മുന്നോടിയായി ഈമാസം 28-ന് ജില്ലാ ആസ്ഥാനങ്ങളിൽ വ്യാപാരി വ്യവസായി യൂത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് സംഘടിപ്പിക്കും.
ബ്രിട്ടാണിയ കന്പനിക്കെതിരേ നടത്തിവരുന്ന സമരത്തിന് പിന്തുണ നൽകാനും യോഗം തീരുമാനിച്ചു. നോട്ട്നിരോധനവും ജിസ്ടിയും മൂലം കച്ചവടം പകുതിയായി കുറഞ്ഞതായും യോഗം വിലയിരുത്തി. നിലവിൽ ജിഎസ്ടിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഇളവുകൾ എത്രയും വേഗം നടപ്പിലാക്കണമെന്നാണ് വ്യാപാരികൾ പറയുന്നത്.
സംഘടനയുടെ ആവശ്യങ്ങൾ സർക്കാർ ആംഗീകരിക്കാത്തപക്ഷം ഈമാസം 25-ന് എറണാകുളത്ത് വിപുലമായ സംസ്ഥാനതല പ്രക്ഷോഭ പ്രവർത്തക കണ്വൻഷൻ വിളിച്ചുചേർക്കാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജു അപ്സര, ട്രഷറർ ദേവസ്യ മേച്ചേരി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്തു.