പാലക്കാട്: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾമൂലം വ്യാപാര-വ്യവസായങ്ങൾ തകർച്ച നേരിടുന്ന സാഹചര്യത്തിൽ സാന്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണ്. ഇതിനു പുറമേ പ്രാദേശികമായും അല്ലാതെയും അടിക്കടി നടത്തുന്ന ഹർത്താലുകളും കേരളത്തിലെ വ്യാപാര, വ്യവസായ മേഖലകളെ ഇല്ലാതാക്കുന്നതിനെ ഉപകരിക്കുവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
കേരളത്തിൽ നടക്കുന്ന ഇത്തരം സമരരീതികൾ കാരണം നിരവധി വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ പൂട്ടി മറ്റു തൊഴിൽമേഖലകൾ തേടിപ്പോകുന്നതിന് വ്യാപാരി-വ്യവസായികൾ നിർബന്ധിതരാകുന്നു. കേരളത്തിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു മുതൽ മുടക്കാൻ വരുന്ന വ്യവസായികൾ കേരളംവിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നതും സ്ഥിരംകാഴ്ചയാണ്.
കേരളം വ്യവസായങ്ങൾക്ക് അനുകൂല സംസ്ഥാനമല്ലെന്ന പ്രതീതി വ്യവസായ പ്രമുഖരുടെ ഇടയിൽ നിലനില്ക്കുന്നു. കേരളത്തിൽ ഒരു വ്യപാര-വ്യവസായസ്ഥാപനം തുടങ്ങുന്പോൾ ഇതുമായി ബന്ധപ്പെട്ട് അനുബന്ധമേഖലകളിലുൾപ്പടെ നിരവധിപേർക്ക് ജോലി ലഭിക്കുന്നുണ്ടന്ന വസ്തുത മറക്കരുത്.
സർക്കാർ ഖജനാവിലേക്കും കോടിക്കണക്കിന് രൂപയാണ് ഈ മേഖലകളിൽനിന്ന് ലഭിക്കുന്നത്. സർക്കാർ-പൊതുമേഖല സ്ഥാപനമായ കഐസ്ആർടിസിയിൽനിന്ന് നിരവധിയാളുകളെ പിരിച്ചുവിടുകയാണ്. മുന്നോട്ടുള്ള ജീവിതം വഴിമുട്ടി നില്ക്കുന്ന ഈ ജീവനക്കാർക്ക് കേരളത്തിലെ വ്യാപാര-വ്യവസായ മേഖലകളിൽ തൊഴിൽ നൽകുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തയാറാകും.
സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ, അനാവശ്യ സമരമുറകൾ എന്നിവയെക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് കോഴിക്കോട് വ്യാപാരഭവനിൽ നടക്കുന്ന സംയുക്ത യോഗത്തിൽ കേരളത്തിലെ വ്യാപാര-വ്യവസായ മേഖലകളിലുൾപ്പടെ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായിസമിതി, ചേംബർ ഓഫ് കൊമേഴ്സ്, ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, വിനോദ സഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾ തുടങ്ങി അറുപതോളം സംഘടനകൾ പങ്കെടുക്കുന്നുണ്ടെന്ന് രാജു അപ്സര പറഞ്ഞു.