ജോണ്സണ് വേങ്ങത്തടം
കൊച്ചി: ജനദ്രോഹപരമായ ഹർത്താലുകളിൽ ബസുകൾ സർവീസ് നടത്തുമെന്നും ഒരു ഹർത്താലിലും സഹകരിക്കില്ലെന്നും ബസുടമകൾ. ഹർത്താലിൽ ബസുകൾ സർവീസ് നടത്തുന്പോൾ ഉണ്ടാകുന്ന നാശനഷ്ടം ഈടാക്കി നൽകാൻ സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ടു പ്രൈവറ്റ് ബസ് ഓർഡിനേഷൻ കമ്മിറ്റി ജനറൽ കണ്വീനർ ടി. ഗോപിനാഥിന്റെ നേതൃത്വത്തിൽ സർക്കാരിനു കത്ത് നൽകും.
ഹർത്താലുകൾ ജനദ്രോഹപരമാണെന്നുമാത്രമല്ല, ബസുടമകൾക്കു കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്നു ടി. ഗോപിനാഥ് രാഷ്ട്രദീപികയോടു പറഞ്ഞു. ബസുകൾക്കു നികുതി അടയ്ക്കേണ്ട അവസാന സമയം നവംബർ 15 ആയിരുന്നു. സർക്കാരിനു മുന്നിൽ അപേക്ഷ സമർപ്പിച്ചു അതു ഡിസംബർ 14 അടയ്ക്കേണ്ട ദിനമാക്കി മാറ്റി. 30 ദിവസം നീട്ടി കിട്ടിയതു ആശ്വാസമായിരുന്നു. നവംബർ 14നു പത്ത് ശതമാനം പിഴയോടെ അടയ്ക്കേണ്ട നികുതി ഇന്ന് അടയ്ക്കുന്പോൾ 20ശതമാനം പിഴയോടെ അടയ്ക്കേണ്ട സാഹചര്യമാണ്.
ഇന്നലെ ഹർത്താലായതു മൂലം ഓരോ ബസുടമകളും ആറായിരം രൂപ കൂടുതൽ പിഴ അടയ്ക്കേണ്ട അവസ്ഥയാണ്. ഒരു ദിവസം സർവീസ് നടത്തിയില്ലെങ്കിൽ ബസുടമകൾക്കു പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഒരു ബസുടമ ആറായിരം രൂപ കൂടുതൽ പിഴയിനത്തിലെടുത്തു 36,000 രൂപ അടയ്ക്കേണ്ട സ്ഥിതിയിലാണ്. ഈ നഷ്ടം ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്നും ഈടാക്കി നൽകേണ്ടതു സർക്കാരാണ്. പിഴ ഒഴിവാക്കി തരണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടി. ഗോപിനാഥ് പറഞ്ഞു.
ഡീസൽ, സ്പെയർപാർട്ട്സ്, ഇൻഷൂറൻസ് പ്രീമിയം, ജീവനക്കാരുടെ വേതനം, ചേസിസ്, ലൂബ്രിക്കന്റ്, ബോഡി നിർമ്മാണം, ടയർ, വർക്ക്ഷോപ്പ് കൂലി എന്നിവയിലെല്ലാം ഉണ്ടായ ഭീമമായ വർധനവ് വ്യവസായത്തെ തകർച്ചയിൽ എത്തിച്ചിരിക്കുന്നസമയത്താണ് അനാവശ്യ ഹർത്താലുകൾ വച്ചു കനത്തനഷ്ടം വരുത്തി തീർക്കുന്നതെന്നു ബസുടമകൾ ആരോപിക്കുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഇൻഷൂറൻസ് പ്രീമിയത്തിൽ മാത്രം 55 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. ചേസിസിനു മൂന്നുവർഷത്തിനുള്ളിൽ ആറു ലക്ഷം രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.
മാത്രമല്ല സ്വകാര്യബസുകൾ യഥേഷ്ടം സർവീസ് നടത്തുന്ന മേഖലയിൽ കെഎസ്ആർടിസി ആർടിഎ ടെ പെർമിറ്റ് പോലും ഇല്ലാതെ സർവീസ് നടത്തുന്നതുമൂലം പൊതുമേഖലയും സ്വകാര്യമേഖലയും ഒരു പോലെ നശിക്കുകയാണെന്നും ബസുടമകൾ ആരോപിക്കുന്നു. വിദ്യാർഥികളുടെ കണ്സൻഷൻ ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു സർക്കാരിനു മുന്നിൽ നിവേദനം നൽകി കാത്തിരിക്കുകയാണ് ബസുടമകൾ.