മൗണ്ട് മൗൻഗനൂയി: ടെലിവിഷൻ ഷോയിലൂടെ വിവാദത്തിലായി വിലക്ക് നേരിട്ട ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ഇടിവെട്ട് റീ എൻട്രിയായിരുന്നു മൗണ്ട് മൗൻഗനൂയിയിലെ ബേ ഓവൽ മൈതാനത്ത് കണ്ടത്.
ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിനെ പുറത്താക്കാൻ പാണ്ഡ്യ ഡൈവ് ചെയ്ത് എടുത്ത തകർപ്പൻ ക്യാച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായി. കിവീസ് ഇന്നിംഗ്സിന്റെ 17-ാം ഓവറിലായിരുന്നു സംഭവം. യുസ്വേന്ദ്ര ചാഹലിന്റെ രണ്ടാം പന്തിൽ വില്യംസണ് ഫ്ളിക് ഷോട്ടിന് ശ്രമിച്ചു. വില്യംസണിന്റെ ബാറ്റിൽനിന്നു പാഞ്ഞ പന്ത് മിഡ് വിക്കറ്റിലുണ്ടായിരുന്ന പാണ്ഡ്യ ഇടത്തേക്കു പറന്ന് പിടിയിലൊതുക്കി.
പാണ്ഡ്യയുടെ ചൂടൻ സ്വഭാവവും മത്സരത്തിനിടെ പുറത്തുവന്നു. പാണ്ഡ്യ എറിഞ്ഞ ഷോർട്ട്ബോൾ മിഡ് വിക്കറ്റ് ഏരിയയിലേക്ക് പുൾ ചെയ്ത റോസ് ടെയ്ലർ ഒരു റണ്‍ നേടി. പന്ത് പിടിച്ച ധവാന്റെ ലക്ഷ്യമില്ലാത്ത ത്രോ പിച്ചിന്റെ നടുവിലൂടെ മറുവശത്തേക്ക്. രോഹിത് ശർമ ഓടിനോക്കിയെങ്കിലും പന്ത് പിടിക്കാനായില്ല.
ഇതോടെ ടെയ്ലറും വില്യംസണും ഒരു റണ്‍കൂടി ഓടിയെടുത്തു. ഇതോടെയാണ് ധവാന്റെ പ്രവൃത്തിയോടുള്ള അനിഷ്ടം പാണ്ഡ്യ പ്രകടിപ്പിച്ചത്. 10 ഓവർ ബൗൾ ചെയ്ത പാണ്ഡ്യ 45 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി.