ലീഡ്സ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി ഇംഗ്ലണ്ട് പര്യടനത്തിൽ റിക്കാർഡുകൾ കുറിക്കുന്നത് തുടരുന്നു. ഇതിനോടകം രണ്ട് റിക്കാർഡുകൾ സ്വന്തമാക്കിയ കോഹ്ലി ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ പര്യടനത്തിലെ ഹാട്രിക്ക് റിക്കാർഡ് പൂർത്തിയാക്കി.
ക്യാപ്റ്റനായി വേഗത്തിൽ 3,000 റണ്‍സ് എന്ന റിക്കാർഡാണ് ഇന്നലെ ഇന്ത്യൻ താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ പത്താം ഓവറിൽ ഡേവിഡ് വില്ലിയുടെ പന്ത് തേർഡ്മാനിലേക്ക് തിരിച്ചുവിട്ട് സിംഗിൾ നേടി വിരാട് റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. 49 ഇന്നിംഗ്സിൽനിന്നായിരുന്നു വിരാട് 3,000 റണ്‍സ് ക്യാപ്റ്റനായി നേടിയത്.
ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്സിന്റെ റിക്കാർഡ് ഇതോടെ പഴങ്കഥയായി. 60 ഇന്നിംഗ്സിൽനിന്നാണ് ഡിവില്യേഴ്സ് 3,000 റണ്‍സ് ക്യാപ്റ്റനായിരിക്കേ നേടിയത്. ഇന്ത്യയുടെ മുൻ ക്യാപ്റ്റന്മാരായ എം.എസ്.
ധോണി (70 ഇന്നിംഗ്സ്), സൗരവ് ഗാംഗുലി (74 ഇന്നിംഗ്സ്), ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, പാക്കിസ്ഥാന്റെ മിസ്ബ ഉൾ ഹക്ക് (ഇരുവരും 83 ഇന്നിംഗ്സ്), ശ്രീലങ്കയുടെ സനത് ജയസൂര്യ, ഓസ്ട്രേലിയയുടെ റിക്കിപോണ്ടിംഗ് (ഇരുവരും 84 ഇന്നിംഗ്സ്) എന്നിവരാണ് ഈ പട്ടികയിൽ കോഹ്ലിക്കു പിന്നിലുള്ളത്.
ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരന്പരയിൽ രാജ്യാന്തര ട്വന്റി-20യിൽ വേഗത്തിൽ 2,000 റണ്‍സ് നേടുന്ന താരമെന്ന റിക്കാർഡ് ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയിരുന്നു. 56 ഇന്നിംഗ്സിൽനിന്നായിരുന്നു ആ നേട്ടം.
ഒരു ഇന്ത്യൻ താരം ഈ നേട്ടത്തിൽ എത്തുന്നതും ആദ്യമായാണ്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ട്വന്റി-20യിലായിരുന്നു ഈ നേട്ടം. ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്റ്റിൽ (73 ഇന്നിംഗ്സിൽനിന്ന് 2,271 റണ്‍സ്), ബ്രണ്ടൻ മക്കല്ലം (71 ഇന്നിംഗ്സിൽനിന്ന് 2,140 റണ്‍സ്) എന്നിവർമാത്രമേ രാജ്യാന്തര ട്വന്റി-20യിൽ 2,000 റണ്‍സ് കടന്നിട്ടുള്ളൂ.
ഏകദിന പരന്പരയ്ക്കുപിന്നാലെ അഞ്ച് മത്സര ടെസ്റ്റ് പരന്പരയും ഇന്ത്യക്ക് ഇനി ശേഷിക്കുന്നുണ്ട്. ഓഗസ്റ്റ് ഒന്നിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ്. രാജ്യാന്തര ട്വന്റി-20യിൽ 2,000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരന്പരയിലാണ് ഈ നേട്ടം കൈവരിച്ചത്.
ക്യാപ്റ്റനായി ഏകദിനക്രിക്കറ്റിൽ വേഗത്തിൽ 3,000 റണ്‍സ് തികച്ച റിക്കാർഡ് വിരാട് കോഹ്ലിക്ക് സ്വന്തം. 49 ഇന്നിംഗ്സിൽനിന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ 3,000 കടന്നത്. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിലായിരുന്നു ഈ നേട്ടം.