കൊച്ചി: മുൻ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിൽ കന്റോണ്‍മെന്റ് പോലീസ് എടുത്ത ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് രാവിലെ ഹർജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പുറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം.
ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പി.സി. ജോർജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി പോലീസ് കേസ് എടുത്തിട്ടുള്ളത്.
ഹർജിയിലെ ആരോപണം ഇങ്ങനെ
മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുൻമന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഐഎഎസ് ഉദ്യോഗസ്ഥരായ ശിവശങ്കർ, നളിനി നെറ്റോ, മറ്റു പലഉദ്യോഗസ്ഥർ എന്നിവർ യുഎഇ കോണ്‍സുലേറ്റുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണമാണ് സ്വപ്ന സുരേഷ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
കെ.ടി. ജലീൽ ചെയ്ത കുറ്റത്തെക്കുറിച്ചുള്ള വസ്തുതകൾ വെളിപ്പെടുത്തുന്നതടക്കം തടയാനാണ് കേസെടുത്തതെന്നാണ് സ്വപ്ന പറയുന്നത്.
രാഷ്ട്രീയ പ്രതിഷേധങ്ങളെ കലാപശ്രമമായി പോലീസ് ചിത്രീകരിക്കുന്നു. സ്വർണക്കടത്തു കേസിൽ വസ്തുതകളെല്ലാം വ്യക്തമാക്കി മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതോടെ ഇരകൾക്കു സംരക്ഷണം നൽകാനുള്ള 2018 ലെ വിക്ടിം പ്രൊട്ടക്ഷൻ സ്കീം പ്രകാരം സംരക്ഷണത്തിനു അർഹതയുണ്ട്.
ഇതനുസരിച്ച് സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും സ്വപ്നയുടെ ഹർജിയിൽ പറയുന്നു.
സാക്ഷികൾക്കു ഭീഷണിയോ സമ്മർദമോ ഇല്ലാതെ മൊഴി നൽകാനും അന്വേഷണവുമായി സഹകരിക്കാനും സാഹചര്യമൊരുക്കുകയെന്നതാണ് വിക്ടിം പ്രൊട്ടക്ഷൻ സ്കീമിന്റെ ലക്ഷ്യം.
രഹസ്യമൊഴി നൽകിയതിന്റെ പേരിൽ കേസെടുത്തത് ഈ ലക്ഷ്യത്തിനു വിരുദ്ധമാണ്.
രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിക്കു നൽകിയ അപേക്ഷയോടൊപ്പമുള്ള സത്യവാംഗ്മൂലത്തിലെ വിവരങ്ങളാണ് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.
സത്യവാംഗ്മൂലം കോടതി രേഖകളുടെ ഭാഗമായി കഴിഞ്ഞതിനാൽ പൊതുരേഖയാണെന്നും അതിലെ വിവരങ്ങൾ വെളിപ്പെടുത്തുന്നതു കുറ്റമല്ലെന്നും ഹർജിയിൽ വിശദീകരിക്കുന്നു.
ഷാജ് കിരണിന്റെ ഹർജി ഇന്ന് പരിഗണിച്ചേക്കും
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് പോലീസ് തങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നു വ്യക്തമാക്കി കൊട്ടാരക്കര സ്വദേശി ഷാജ് കിരണ്‍, വയനാട് സ്വദേശി ഇബ്രാഹിം എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി.
മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് പരിചയപ്പെടുത്തി ഷാജ് തന്നെ കാണാൻ വന്നെന്നും മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
പാലക്കാട്ടെ ഓഫീസിൽ ഷാജ് കിരണ്‍, ഇബ്രാഹിം എന്നിവരുമായി സംസാരിച്ചതിന്റെ ശബ്ദരേഖയും പുറത്തു വിട്ടു. ഇതേത്തുടർന്ന് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുണ്ടെന്നും മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
സ്വപ്നയുമായി നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ ശബ്ദരേഖ തങ്ങളെ കുടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പുറത്തു വിട്ടതെന്നു ഹർജിക്കാർ ആരോപിക്കുന്നു.
സർക്കാരിനെതിരെയുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഹർജിക്കാർ പറയുന്നു.
തനിക്കു വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു ഷാജ് കിരണ്‍ വ്യക്തമാക്കുന്നുണ്ട്. ഹർജി ഇന്നു ഹൈക്കോടതി പരിഗണിച്ചേക്കും.